ആഗോള നിക്ഷേപക ഉച്ചകോടി; കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍. ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിലാണ് കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിമാര്‍ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തത്. കേരളത്തില്‍ തുടങ്ങാന്‍ പോകുന്ന പദ്ധതികളെക്കുറിച്ചും കേന്ദ്രമന്ത്രിമാര്‍ ചടങ്ങില്‍ വിശദീകരിച്ചു. കൊച്ചിയില്‍ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് കേരളത്തിന്റെ വികസന നേട്ടങ്ങളെ ആദ്യം അഭിനന്ദിച്ചത്.

ടൂറിസം രംഗത്ത് കേരളം വലിയ പുരോഗതി കൈവരിച്ചുവെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. വികസന രംഗത്ത് വന്‍ കുതിച്ചുചാട്ടമുണ്ടാക്കാനുള്ള സമയമാണിത്. കേരളത്തിന്റെ വികസനത്തിനാവശ്യമായ പിന്തുണ കേന്ദ്രത്തില്‍ നിന്നുണ്ടാകുമെന്നറിയിച്ച നിതിന്‍ ഗഡ്കരി സംസ്ഥാനത്ത് ആരംഭിക്കാന്‍ പോകുന്ന പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. മന്ത്രി പി. രാജീവിനെ അഭിനന്ദിച്ചുകൊണ്ടായിരുന്നു കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പ്രസംഗമാരംഭിച്ചത്.

മികച്ച പാര്‍ലമെന്റേറിയനായിരുന്നു പി. രാജീവ് എന്ന് ചൂണ്ടിക്കാട്ടിയ പീയൂഷ് ഗോയല്‍, കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയെ അദ്ദേഹം പുകഴ്ത്തിയതും ശ്രദ്ധേയമായി. കൊച്ചി വാട്ടര്‍ മെട്രൊ രാജ്യത്തിന് മാതൃകയെന്നായിരുന്നു ചടങ്ങില്‍ സംസാരിച്ച കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി ചൂണ്ടിക്കാട്ടിയത്. ഉപഭോക്തൃ സൗഹൃദമായ കൊച്ചി മെട്രൊയെക്കുറിച്ച് പഠിക്കാന്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കേരളത്തിലേയ്ക്ക് വരാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും കേന്ദ്ര മന്ത്രി ജയന്ത് ചൗധരി പറഞ്ഞു.

