KOYILANDY DIARY.COM

The Perfect News Portal

ജോർജ് സോളി കൊലക്കേസ്: ഒന്നാംപ്രതി ബേപ്പൂരിൽ പിടിയിൽ

ഫറോക്ക്: ഫോർട്ട് കൊച്ചിയിൽ സുഹൃത്തുക്കളുടെ മദ്യപാനത്തിനിടെയുണ്ടായ കൊലപാതകത്തിൽ ഒന്നാം പ്രതിയെ ബേപ്പൂർ പൊലീസ് പിടികൂടി. ബേപ്പൂർ ചെറുപുരക്കൽ വീട്ടിൽ അബ്ദുൾ ഗഫൂറാണ് പിടിയിലായത്. 2014 ജനുവരിയിൽ കളരിക്കൽ ജോർജ് സോളിയെ മർദിച്ചും അമ്മിക്കല്ലുകൊണ്ട് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിൽ ഗഫൂർ, ജാമ്യത്തിലിറങ്ങിയശേഷം വിചാരണക്കിടെ മുങ്ങിയതായിരുന്നു.

ബുധൻ പുലർച്ചെ ഒന്നിന് ബേപ്പൂർ പൊലീസിന്റെ പട്രോളിങ്ങിനിടെ ബേപ്പൂർ ആർഎം ആശുപത്രിയുടെ പിൻവശത്തുനിന്നാണ്‌ സംശയാസ്പദ സാഹചര്യത്തിൽ ഗഫൂറിനെ കസ്‌റ്റഡിയിലെടുത്തത്‌. ഗഫൂർ ഒന്നാംപ്രതിയായി തോപ്പുംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയും ബേപ്പൂർ സ്വദേശിയുമായ കോയമോനെ ജീവപര്യന്തം തടവിന്‌ ശിക്ഷിച്ചിരുന്നു. രണ്ടാംപ്രതി ആന്റണി വിചാരണക്കിടെ മരണപ്പെട്ടു.

 

സുഹൃത്തുക്കളായ നാലുപേരും ചേർന്ന് രണ്ടാംപ്രതി കൊച്ചി നേർത്ത് മൂലംകുഴി സ്വദേശി ആന്റണിയുടെ വീട്ടിലിരുന്ന് മദ്യപിച്ചുകൊണ്ടിരിക്കെയുണ്ടായ വാക്കേറ്റത്തിനിടയിൽ ജോർജ് സോളിയെ മൂവരും ചേർന്ന്‌ കൊലപ്പെടുത്തിയെന്നാണ് കേസ്. ബേപ്പൂർ സബ് ഇൻസ്പെക്ടർമാരായ എം രവീന്ദ്രൻ, പി ഡി ധനീഷ്, സിവിൽ പൊലീസ് ഓഫീസറായ സുധീഷ്, ഹോം ഗാർഡ് അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കൊച്ചി തോപ്പുംപടി പൊലീസിന് കൈമാറി.

Advertisements
Share news