KOYILANDY DIARY

The Perfect News Portal

പുതിയ ചരിത്രമെഴുതി തലമുറകളുടെ പിൻമുറക്കാർ ഒന്നിക്കുന്നു

തലമുറകളുടെ പിൻമുറക്കാർ ഒന്നിക്കുന്നു. അഹമ്മദ്കാക്കാൻ്റവിട ”മരക്കാർകണ്ടി, പുതിയ പാണ്ടികശാല” എന്ന എ.എം.പി. തറവാട്ടിലെ കുടുംബങ്ങളാണ് ചരിത്രങ്ങൾ ഉറങ്ങിക്കിടക്കുന്ന കൊയിലാണ്ടിയുടെ മണ്ണിൽ മറ്റൊരു ചരിത്രം കുറിക്കുന്നതിനുവേണ്ടി ഒത്തുകൂടുന്നത്. പ്രൗഢിയോടെ നില കൊണ്ടിരുന്ന ഒട്ടുമിക്ക പഴയകാല തറവാടുകളും അണു കുടുംബങ്ങളായി പരിണമിക്കുമ്പോൾ, തലമുറകളെ ചേർത്തുപിടിച്ചുകൊണ്ട്, വിപുലമായ കുടുംബ സംഗമത്തിനൊരുങ്ങി മാതൃകയാവുകയാണ് കൊയിലാണ്ടിയിലെ എ.എം.പി. തറവാട്.
രണ്ട് നൂറ്റാണ്ട് പഴക്കം ചെന്ന കൊയിലാണ്ടിയിലെ പ്രമുഖ തറവാടായ അഹമ്മദ്‌കാക്കാന്റവിട ”മരക്കാർകണ്ടി” പുതിയപാണ്ടികശാല എന്ന എ. എം. പി. തറവാടിന്റെ രണ്ടായിരത്തോളം വരുന്ന സന്താന പരമ്പരയുടെ അത്ഭുതകരമായ കൂടിച്ചേരൽ വളരെ ആകർഷങ്ങളായ വിവിധതരം കലാപരിപാടികളോടെയും, തറവാട്ടിലുള്ള മുതിർന്ന അംഗങ്ങളെ ആദരിച്ചും നടത്തുകയാണ്. 2023 ഡിസംബർ 27ന് ബുധനാഴ്ച കൊയിലാണ്ടിയിലെ മുന്നാസ് ഓഡിറ്റോറിയത്തിലാണ് സമ്പൂർണ്ണ സംഗംമം നടത്തപ്പെടുന്നത്.
Advertisements
 ആഘോഷ പരിപാടിയുടെ മുന്നോടിയായി നവംബർ 5ന് ഞായറാഴ്ച കൊയിലാണ്ടി മാപ്പിള ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചു വിവിധ കായിക ഇനങ്ങൾ ഉൾപ്പെടുത്തി തറവാട്ടിലെ കുട്ടികളെയും പേരക്കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു മുഴുദിന സ്പോർട്സ് മീറ്റും സഘടിപ്പിക്കുന്നു.
ക്രിസ്തു വർഷം 1850 ൽ അഹമ്മദ്‌കാക്കയും ഭാര്യ ആയിഷോമ്മയും പണിത അഹമ്മദ്‌കാക്കാന്റവിട എന്ന തറവാട്ടിൽ ഒരാൺകുട്ടിയും നാല് പെൺകുട്ടികളുമടക്കം അഞ്ചു കുട്ടികളിൽ 24 സന്താനങ്ങളും അതിന്റെ പരമ്പരകളുമായി രണ്ടായിരത്തോളം പേർ ഇന്ന് ജീവിച്ചിരിക്കുന്നു. തറവാട്ടിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു കൂടിച്ചേരൽ സംഘടിപ്പിക്കുന്നത്.
കൊയിലാണ്ടിയിലും പരിസര പ്രദേശത്തും കേരളത്തിലും വിദേശത്തുമായി അന്യോന്യം തിരിച്ചറിയാത്ത വിധം അകന്നു പോയ കുടുംബ ബന്ധങ്ങൾ ഈ ഒരു മഹാ മേളയോടെ പരസ്പരം അടുത്തറിഞ്ഞുകൊണ്ട് സ്നേഹത്തോടെ ഒന്നിക്കുകയാണ്. അത് കൊണ്ട് രണ്ടായിരത്തോളം വരുന്ന കുടുംബാംഗങ്ങളുടെ ഈ സംഗമം കൊയിലാണ്ടിയിൽ ഒരു ചരിത്ര സംഭവമായി മാറുമെന്നു തീർച്ച