സാമ്പത്തിക ഇടപാടിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ

കോഴിക്കോട്: സാമ്പത്തിക ഇടപാടിനെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം കോഴിക്കോട് പൊലീസ് പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ പെൺസുഹൃത്ത് ഉൾപ്പെടെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് നാടകീയമായ തട്ടിക്കൊണ്ടു പോകലിലേക്ക് വഴിവെച്ചത്.

സുഹൃത്ത് ഷഹാന ഷെറിൻ വിളിച്ചതിന് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് പടിഞ്ഞാറത്തറ സ്വദേശിയായ യുവാവ് നടക്കാവിലെ ജവഹർ കോളനിയിലെ ലേഡീസ് ഹോസ്റ്റലിന് സമീപം എത്തിയത്. ഇതിനിടെ ഷഹാനയ്ക്ക് ഒപ്പമുണ്ടായിരുന്ന യുവാവിനെ മർദിച്ച് സംഘം കാറിൽ കടത്തിക്കൊണ്ടുപോയി. യുവാവ് വന്ന കാറും ഇവർ ഒപ്പം കൂട്ടിയിരുന്നു. ദുബൈയിൽനിന്ന് ഐഫോൺ ഇറക്കുമതി ചെയ്തുനൽകാമെന്ന പേരിൽ യുവാവ് നിരവധി പേരിൽനിന്നും പണം തട്ടിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട പ്രശ്നമാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചതെന്നുമാണ് സൂചന.

യുവാവ് നാട്ടിൽ മടങ്ങിയെത്തി എന്നറിഞ്ഞ പ്രതികൾ പറ്റിക്കപ്പെട്ടുവെന്ന് തോന്നിയതോടെ തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്യുകയായിരുന്നു. മൊബൈൽ ഫോൺ, വാഹന നമ്പർ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കക്കാടംപൊയിൽ ഭാഗത്ത് നിന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. നാലംഗ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. സഹായികളടക്കം ഒമ്പത് പേരാണ് കേസിൽ പിടിയിലായത്.

പടിഞ്ഞാറത്തറ സ്വദേശി അരപ്പറ്റക്കുന്ന് വീട്ടിൽ ഷഹാനാ ഷെറിൻ, സുൽത്താൻബത്തേരി സ്വദേശി സ്വദേശികളായ മരുതോലിൽ വീട്ടിൽ അഭിരാം, വിഷ്ണു നിവാസിൽ ജിഷ്ണു, പുളിക്കൽ വീട്ടിൽ അബു താഹിർ, തെങ്ങാനി വീട്ടിൽ മുഹമ്മദ് അർസൽ, പാലത്തി വീട്ടിൽ മുഹമ്മദ് സിനാൻ, വടക്കേ കാഞ്ഞിരത്തിൽ അരവിന്ദ്, മടപ്പള്ളി വീട്ടിൽ ജുനൈസ്, മലപ്പുറം പന്നിപ്പാറ സ്വദേശി പാലപ്പറ്റ കരിമ്പനക്കൽ വീട്ടിൽ മുഫ്തിയാസ് എന്നിവരാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. സിനാൻ, അഭിരാം, അബുതാഹിർ എന്നിവർക്ക് യുവാവ് പണം നൽകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

