KOYILANDY DIARY.COM

The Perfect News Portal

എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന

കോഴിക്കോട്: ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ എലത്തൂർ ഡിപ്പോയിലുണ്ടായ ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അതോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ് സംയുക്ത പരിശോധന നടത്തുക. സംഭരണ കേന്ദ്രത്തിന്റെ സുരക്ഷ പരിശോധിക്കാനുള്ള വിദ​ഗ്ധ സംഘവും ഇന്നെത്തുമെന്നു എച്ച്പിസിഎൽ വ്യക്തമാക്കി. ഓടയിൽ നിന്ന് ഡീസൽ നീക്കുന്നതിനുള്ള നടപടികൾ ഇപ്പോഴും പുരോ​ഗമിക്കുകയാണ്. 700 ലിറ്ററോളം ഡിസൽ ഓടയിലൂടെ ഒഴുകി എന്നാണ് പ്രാഥമിക വിവരം.

ബുധനാഴ്ച വൈകിട്ട് 4.30 ഓടെയാണ് ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ വടക്ക് ഭാഗത്തുള്ള ചെറിയ ഫുട്പാത്തിനടിയിലെ ഓടയിലൂടെ ഡിസൽ ഒഴുകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നിരവധി ആളുകൾ കുപ്പികളിലും മറ്റും ഡീസൽ മുക്കിയെടുത്തെങ്കിലും വലിയ അളവിൽ എത്തിയതോടെ ആളുകൾ പരിഭ്രാന്തരായി. ഇതോടെ എച്ച്പിസിഎൽ മാനേജരടക്കമുള്ളവർ സ്ഥലത്തെത്തി. അറ്റകുറ്റപണിക്കിടെ ചോർച്ച ഉണ്ടായതാണെന്നായിരുന്നു വിശദീകരണം. നാട്ടുകാർ പ്രശ്‌നമുണ്ടാക്കിയതോടെ 11ഓളം ബാരലുകൾ കൊണ്ടുവന്ന് ഡീസൽ മുക്കി മാറ്റി. എന്നാൽ പരിഹാരമുണ്ടാവാതെ ഡീസൽ കൊണ്ടുപോവുന്നത് നാട്ടുകാർ തടഞ്ഞു. ഇന്ധനം ഓടയിലൂടെ ഒഴുകി തോട്ടിലും കടലിലും എത്തി മീനുകൾ ചത്തുപൊന്തി.

ഇതിനു മുമ്പും ഇവിടെ ഇത്തരത്തിൽ ഡീസൽ ചോർച്ചയുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷക്രമീകരണങ്ങളുമില്ലാതെയാണ് എലത്തൂർ ഡിപ്പോ ജനവാസമേഖലയിൽ പ്രവർത്തിക്കുന്നത്. വർഷങ്ങളായി ജനങ്ങൾ സമരവും നടത്തുന്നതിനിടെയാണ് വീണ്ടും ഡീസൽ ചോർച്ചയുണ്ടായിരിക്കുന്നത്. അഞ്ച് ജില്ലകളിലേക്കാവശ്യമായ ഇന്ധനമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഡീസലിന് പകരം പെട്രോൾ ലീക്കായിരുന്നെങ്കിലും മൂന്ന് കിലോമീറ്റർ ചുറ്റളവിലെങ്കിലും സ്‌ഫോടനം നടക്കുമായിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ എച്ച്പിസിഎൽ മാനേജരെ ഉപരോധിച്ചു. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതിനെ തുടർന്ന് ഡെപ്യൂട്ടി കളക്ടർ അനിതകുമാരി സ്ഥലത്തെത്തി മാനേജ്‍മെന്റ് പ്രതിനിതികളുമായി ചർച്ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർക്ക് സമർപ്പിക്കും.

Advertisements
Share news