ഉരുവിനെക്കുറിച്ചറിയാൻ ഫ്രഞ്ച് സംഘം ബേപ്പൂരിലെത്തി
.
ഫറോക്ക്: ഉരുവിനെക്കുറിച്ചറിയാനും നിർമാണരീതി കണ്ടുമനസ്സിലാക്കുന്നതിനുമായി ഫ്രഞ്ച് സംഘം ബേപ്പൂരിൽ എത്തി. ഒരു സംഘം തച്ചന്മാരുടെ മനക്കണക്കും ബേപ്പൂരിലെ ഖലാസികളുടെ മെയ്ക്കരുത്തും ഇഴചേർന്ന് രൂപപ്പെടുത്തുന്ന ഉരുവിന്റെ നിർമാണരീതി നേരിൽ കാണാനായാണ് ഫ്രാൻസിൽനിന്നുള്ള 34 അംഗ സംഘം ബേപ്പൂരിലെത്തിയത്. ബേപ്പൂർ ബിസി റോഡിന് സമീപം ബഷീർ സ്മാരകത്തിന് പിൻവശം ചാലിയാർ തീരത്ത് കക്കാടത്ത് ഉരുപ്പണിശാലയിലാണ് യുവാക്കൾ മുതൽ പ്രായമേറിയവർ ഉൾപ്പെടെ എത്തിയത്. ഉരുപ്പണിക്കാരനായ എടത്തൊടി സത്യൻ നിർമാണരീതികളും നീറ്റിലിറക്കുന്നതുൾപ്പെടെ വിവരിച്ചുനൽകി.

ഖത്തറിലേക്ക് അയക്കാനുള്ള വലിയൊരു ഉരു കക്കാടത്ത് പണിശാലയിൽ നിർമാണത്തിലുണ്ട്. ഉരു നിർമാണരംഗത്തെ ബേപ്പൂരിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യവും വിദേശരാജ്യങ്ങളുമായുണ്ടായിരുന്ന വ്യാപാര വാണിജ്യ ബന്ധങ്ങളുടെ ചരിത്രവും സഞ്ചാരികൾ ചോദിച്ചറിഞ്ഞു. അറബികൾ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളുമായുണ്ടായിരുന്ന ദീർഘകാല വ്യാപാര ബന്ധങ്ങളെ കൂട്ടിയിണക്കിയതും ഉരുക്കളായിരുന്നു. ഇവിടെനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെ പശ്ചാത്യ, പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതുമായ ചരിത്ര വിവരങ്ങളും സഞ്ചാരികൾക്കായി പങ്കുവെച്ചു. ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്രഞ്ച് സംഘം ബേപ്പൂരിനുപുറമെ മിഠായിത്തെരുവും സന്ദർശിച്ചു.




