KOYILANDY DIARY

The Perfect News Portal

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി

ബൊഗോട്ട: വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടിൽ കാണാതായ കുട്ടികളെയാണ് 40 ദിവസങ്ങൾക്ക് ശേഷം രക്ഷാസൈന്യം കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡണ്ട്  ഗുസ്‌താവോ പെട്രോയാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. രക്ഷാപ്രവർത്തകർ കുട്ടികളുടെ കൂടെയുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കണ്ടെത്തിയ കുട്ടികളിൽ ഒരാൾക്ക് ഒരു വയസാണ് പ്രായം. നാല്, ഒമ്പത്, പതിമൂന്ന് എന്നിങ്ങനെയാണ് ബാക്കി കുട്ടികളുടെ പ്രായം. മെയ് ഒന്നിനാണ് കുട്ടികളടക്കമുള്ള സംഘവുമായി തെക്കൻ കൊളംബിയയിൽ നിന്നും യാത്ര തിരിച്ച ചെറുവിമാനം ആമസോൺ കാടിനുമുകളിൽ തകർന്നു വീണത്. യാത്ര ആരംഭിച്ച് ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വിമാനം റഡാറിൽനിന്നും അപ്രത്യക്ഷമാകുകയും തകർന്നു വീഴുകയും ചെയ്‌തിരുന്നു.

Advertisements

കുറച്ചു ദിവസങ്ങൾക്കു ശേഷം കുട്ടികളുടെ അമ്മയുടേയും പൈലറ്റിന്റെയും മറ്റൊരാളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. എന്നാൽ, കുട്ടികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നാണ് കുട്ടികൾ ജീവനോടെയുണ്ടെന്ന് മനസിലായത്.
വന്യമൃഗങ്ങളും കനത്തമഴയും ആമസോൺ മഴക്കാടുകളിലെ സൈന്യത്തിന്റെ തിരച്ചിൽ ദുഷ്‌കരമാക്കിയിരിക്കുന്നു. എങ്കിലും 40 ദിവസങ്ങൾക്കു ശേഷം നാലു കുട്ടികളെയും കണ്ടെത്താനായി. 100ലധികം വരുന്ന കൊളംബിയൻ സൈന്യമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Advertisements