കൊയിലാണ്ടി പോലീസിൻ്റെ അവസോരോചിതമായ ഇടപെടൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ
കൊയിലാണ്ടി: ദൈവദൂതനായി തങ്കരാജ്. കൊയിലാണ്ടി പോലീസിൻ്റെ അവസോരോചിതമായ ഇടപെടലിൽ രക്ഷപ്പെട്ടത് നാല് ജീവനുകൾ. ഒരു അമ്മയെയും മൂന്ന് മക്കളെയുമാണ് കൊയിലാണ്ടി ഗ്രേഡ് എസ്. ഐ തങ്കരാജാണ് ദൈവദൂതനായി എത്തി നാല് ജീവനുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കുറ്റ്യാടി സി.ഐ. ഷിജുവും കൊയിലാണ്ടി സി.ഐ. എം.വി ബിജുവും നടത്തിയ ഇടപെടലും നിർദ്ദേശപ്രകാരവുമാണ് തങ്കരാജിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജാഗ്രതയോടുള്ള പ്രവർത്തനത്തിലൂടെ 4 ജീവനുകൾക്ക് തുണയായത്.

കുറ്റ്യാടി സി. ഐ. ഷിജുആണ് കൊയിലാണ്ടി സി.ഐ. എം.വി ബിജുവിന് അർജൻ്റ് മെസേജ് അയക്കുന്നത്. ഒരു അമ്മയും, മൂന്നു മക്കളും കുടുംബ പ്രശ്നങ്ങളെ തുടർന്ന് കൊയിലാണ്ടി ഭാഗത്തേക്ക് എത്തിയതായി വിവരം അറിയിക്കുകയായിരുന്നു. സി.ഐ. ഉടൻ തന്നെ ഒരു നിമിഷവും പാഴാക്കാതെ ലൊക്കേഷൻ തിരിച്ചറിയുകയും ഉടൻ തന്നെ ഗ്രേഡ് എസ്.ഐ. തങ്കരാജിനെ വിളിച്ച് വിവരമറിയിക്കുകയുമായിരുന്നു. സംഭവം മനസിലാക്കിയ തങ്കരാജ് ഉടൻ തന്നെ ആ ഭാഗത്തെക്ക് കുതിച്ചു.

എന്നാൽ വീണ്ടും ലൊക്കേഷൻ നോക്കിയപ്പോൾ കൊല്ലം പാറപ്പള്ളി ഭാഗത്താണ് ഇവരുള്ളത് എന്ന് മനസ്സിലാക്കി ഉടൻ തന്നെ തങ്കരാജും സംഘവും പാറപ്പള്ളിയിലെ പാറക്കെട്ടിലേക്ക് കുതിച്ചെത്തി. ഈ സമയം കടലിലേക്ക് ചാടാനുള്ള ഒരുക്കത്തിലായിരുന്നു പിഞ്ചു കുട്ടികളും അമ്മയും. ഇവരെ സ്വന്തം മക്കളെ പോലെ എടുത്ത് അമ്മയെയും മക്കളെയും ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ഈ വിവരമൊന്നും നാട്ടുകാർ പോലും അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തുടർന്ന് അമ്മയെയും കുട്ടികളെയും കുറ്റ്യാടി പോലീസിനു കൈമാറി, കുറ്റ്യാടി പോലീസിൻ്റെയും കൊയിലാണ്ടി പോലീസിൻ്റെ അവസരോചിതമായ ഇടപെടലാണ് നാല് ജീവനുകൾക്ക് പുതുജീവിതത്തിലേക്ക് കൊണ്ടുവന്നത്.

