മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു
.
കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വി കെ ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിയോഗം. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം തകരാറിൽ ആയിരുന്നു. രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയൻ രംഗത്തും തിളങ്ങി.

മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. 2001, 2006 തെരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തെരഞ്ഞെടുപ്പുകളിൽ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. 2005 ജനുവരി മുതൽ 2006 മെയ് വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. ഐസ്‌ക്രീം കേസിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് 2005ൽ ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ പ്രസിഡണ്ട്, സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്, കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ചെയർമാൻ, കുസാറ്റ് സിൻഡിക്കേറ്റ് മെമ്പർ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. മന്ത്രിയായിട്ടുള്ള പ്രവർത്തന മികവിന് ഇന്ത്യയിലെ പ്രമുഖ പത്രമായ ഡെക്കാൻ ക്രോണിക്കിളിന്റെ 2012 മികച്ച മന്ത്രിക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യുഎസ്എ ഇൻറർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് എന്നിവയ്ക്കും അർഹനായി. പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി കെ ഇബ്രാഹിം കുഞ്ഞിനെ 2020 നവംബറിൽ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. 2021 ജനുവരിയിൽ ആരോഗ്യനില പരിഗണിച്ച് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.




