KOYILANDY DIARY.COM

The Perfect News Portal

തേക്കടിയിൽ ഓടുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ട് വനപാലകൻ

തേക്കടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവറെ വലിച്ച് പുറത്തിട്ട് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ. താമരക്കണ്ടം സ്വദേശി ജയചന്ദ്രനെയാണ് വലിച്ച് റോഡിലേക്ക് ഇട്ടത്. ഓട്ടോറിക്ഷ സമീപത്തുള്ള കടയിൽ ഇടിച്ചു കയറി നിന്നു. തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈനാണ് ഈ ക്രൂരത ചെയ്തത്. ഇദ്ദേഹത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. കഴിഞ്ഞയിടയ്ക്കാണ് സസ്പെൻഷനു ശേഷം ഇദ്ദേഹം ഇവിടേക്ക് തന്നെ തിരികെ ജോലിയ്ക്ക് കയറിയത്. സക്കീർ ഹുസൈനെതിരെ കുമളി പോലീസ് കേസെടുക്കും. ഓട്ടോ ഡ്രൈവർ ജയചന്ദ്രന്റെ മൊഴി പോലീസ് രേഖപ്പെടുത്തുന്നു.

ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നു, കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയി എന്നാണ് ഓഫീസർ പറയുന്നത്. പ്രദേശത്തെ പൊതുപ്രവർത്തകരടക്കം സംഭവത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഓടുന്ന ഓട്ടോയിൽ നിന്നായി ഓഫീസർ ഓട്ടോ ഡ്രൈവറെ വലിച്ച് താഴേക്കിടുന്നത്. തലയിടിച്ചാണ് ഓട്ടോ ഡ്രൈവർ വീണത്. പിന്നാലെ നിയന്ത്രണം വിട്ട ഓട്ടോ ഒരു കടയിൽ ഇടിച്ച് നിൽക്കുകയായിരുന്നു. വിഷയത്തിൽ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡ്രൈവർക്ക് പരാതി ഇല്ലെങ്കിലും പൊതുപ്രവർത്തകർ പരാതിയുമായി മുൻപോട്ട് പോകുമെന്നാണ് പറയുന്നത്.

Share news