അശ്ലീലം എന്ന് ആരോപിച്ച് വിദേശ കലാകാരിയുടെ കലാസൃഷ്ടികൾ നശിപ്പിച്ചു

.
അശ്ലീലം എന്ന് ആരോപിച്ച് ലളിത കലാ അക്കാദമിയുടെ ദർബാർ ഹാളിൽ പ്രദർശിപ്പിച്ചിരുന്ന വിദേശ കലാകാരിയുടെ കലാസൃഷ്ടികൾ നശിപ്പിച്ചു. ഹനാൻ ബെനാമർ എന്ന നോർവീജിയൻ കലാകാരിയുടെ ‘ഗോ ഈറ്റ് യുവർ ഡാഡ്’ എന്ന കലാസൃഷ്ടിയാണ് ഒരാൾ കീറി നശിപ്പിച്ചത്. ചിത്രങ്ങൾ നശിപ്പിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

നടന്നത് തനിക്ക് നേരെയുള്ള ആക്രമണമെന്ന് ലളിത കലാഅക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത് വിഷയത്തിൽ പ്രതികരിച്ചു. അക്കാദമിയുടെ തലപ്പത്ത് നേരത്തെ ഇരുന്നവർ തന്നെയാണ് ഇതിന് പിന്നിൽ. ലോകത്തിന് മുൻപിൽ കേരളത്തെയും അക്കാദമിയെയും മോശപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹനാൻ ബെനാമ്മറിന് എല്ലാ നിയമസഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസ്റ്റിന് നൽകുന്ന ഒരു മര്യാദയും നൽകിയില്ല. പൊലീസിൽ പരാതി നൽകുമെന്നും മുരളി ചീരോത്ത് കൂട്ടിച്ചേർത്തു. കലാസൃഷ്ടി നശിപ്പിച്ചത് ഏറെ ദുഃഖമുണ്ടാക്കിയെന്ന് കലാകാരി ഹനാൻ ബെനാമർ പ്രതികരിച്ചു. വിയോജിപ്പ് ഉണ്ടായിരുന്നെങ്കിൽ നേരിട്ട് അറിയിക്കാമായിരുന്നു. കലാകാരന്മാർ തന്നെ മറ്റൊരു കലാകാരനെ ആക്രമിക്കുമ്പോൾ രണ്ട് തവണയെങ്കിലും ആലോചിക്കണം. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.

