KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് ആദ്യമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍ക്യുഎഎസ് അംഗീകാരം

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് എന്‍ക്യുഎഎസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83 ശതമാനം സ്‌കോറും, എറണാകുളം ജില്ലയിലെ കട്ടിങ് പ്ലാന്റേഷന്‍ ജനകീയ ആരോഗ്യ കേന്ദ്രം 88.47 ശതമാനം സ്‌കോറും, വയനാട് ജില്ലയിലെ വടക്കനാട് ജനകീയ ആരോഗ്യ കേന്ദ്രം 90.55 ശതമാനം സ്‌കോറും നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആദ്യമായാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിക്കുന്നത്. 2023ല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ആര്‍ദ്രം മിഷന്റെ ഭാഗമായി 5415 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളില്‍ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ഉപകരണങ്ങളും ആരോഗ്യ സേവനങ്ങളും 36 ഇനം മരുന്നുകളും 10 തരം ലാബ് പരിശോധനകളും ലഭ്യമാക്കുന്നു. ഇതിലൂടെ വാര്‍ഡ് തലം മുതലുള്ള ആരോഗ്യ സേവനങ്ങള്‍ ശാക്തീകരിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് മൂന്ന് ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ലഭിച്ച എന്‍.ക്യു.എ.എസ് അംഗീകാരം.

 

കൂടുതല്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് അംഗീകാരം നേടാനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ സംസ്ഥാനത്തെ 197 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 83 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 4 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 133 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 3 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടി.

Advertisements

 

 

എന്‍.ക്യു.എ.എസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും.

Share news