ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന് 3640 മീറ്റർ ഉയരത്തിൽ കടുവയെ കണ്ടെത്തി
ഗാങ്‌ടോക്ക്: ഇന്ത്യയിൽ ആദ്യമായി സമുദ്രനിരപ്പിൽനിന്ന് 3640 മീറ്റർ (11,942 അടി) ഉയരത്തിൽ കടുവയെ കണ്ടെത്തി. സിക്കിമിലെ പംഗലോക വന്യജീവി സങ്കേതത്തിലെ പർവത മുകളിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നത്. സിക്കിം, ബംഗാൾ, ഭൂട്ടാൻ അതിർത്തി പങ്കിടുന്ന സ്ഥലമാണ് പംഗലോക.

സിക്കിം വനം വകുപ്പുമായി സഹകരിച്ച് പഠനം നടത്തുന്ന ബോംബെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി (ബിഎൻഎച്ച്എസ്) സംഘം സ്ഥാപിച്ച കാമറയിലാണ് ബംഗാൾ കടുവയുടെ ചിത്രം പതിഞ്ഞത്. ഭൂട്ടാനിൽനിന്ന് വടക്കൻ സിക്കിമിലെ വനത്തിലേക്കുള്ള കടുവകളുടെ സഞ്ചാരപാതയാകാം പ്രദേശമെന്നാണ് നിഗമനം. ഇതിൽ കൂടുതൽ പഠനം ആവശ്യമാണെന്ന് ബിഎൻഎച്ച്എസ് തലവൻ അഥർവ സിങ് പറഞ്ഞു.

