ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ നിന്ന് ശിവൻകുട്ടിക്ക് ഷോക്കേൽക്കുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതാഘാതമേറ്റ് ഉടൻ തന്നെ ശിവൻകുട്ടിയുടെ മരണം സ്ഥിരീകരിച്ചിരുന്നു. നൂറനാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

ആലപ്പുഴയുടെ കിഴക്കൻ മേഖലകളിൽ കഴിഞ്ഞ കുറച്ചുനാളുകളായി പന്നിശല്യം രൂക്ഷമാണ്. അതുകൊണ്ടുതന്നെ സ്വകാര്യ കൃഷി ഇടങ്ങളിൽ കർഷകർ പന്നിക്കെണികൾ സ്ഥാപിക്കാൻ തുടങ്ങിയിട്ട് അധികമായിട്ടില്ല. നിലവിൽ കർഷകന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

