KOYILANDY DIARY

The Perfect News Portal

വ്യാജ നിയമന തട്ടിപ്പ്; അഞ്ചം​ഗസംഘം തന്നെ കൊല്ലാൻ ശ്രമിച്ചതായി അഖിൽ സജീവിൻറെ മൊഴി

പത്തനംതിട്ട: ആരോ​ഗ്യവകുപ്പിൻറെ പേരിൽ വ്യാജനിയമനം വാ​ഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയവരുൾപ്പെട്ട അഞ്ചം​ഗസംഘം തന്നെ കൊല്ലാൻ ശ്രമിച്ചതായി അഖിൽ സജീവിൻറെ മൊഴി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പണം അപഹരിച്ച കേസിൽ അറസ്റ്റിലായ  വള്ളിക്കോട് സ്വദേശിയായ അഖിലിനെ പത്തനംതിട്ട പൊലീസ്‌ ചോദ്യം ചെയ്‌തു വരുകയാണ്‌. ഏപ്രിൽ– മേയ് മാസങ്ങളിൽ കോഴിക്കോട് സ്വദേശികളായ ശ്രീരൂപ്‌, റായിസ്, ലെനിൻ, ബാസിത്, സാദിഖ് എന്നിവർ മർദിച്ചതായാണ്‌ മൊഴി.

സംഘത്തിലെ മൂന്ന് പേർ അഭിഭാഷകരാണ്‌. വിവരം പൊലീസിനോട് പറഞ്ഞാൽ കൊല്ലുമെന്ന്‌  ഭീഷണിപ്പെടുത്തി. പേടിച്ചാണ്‌ ഈ വിവരം നേരത്തേ പറയാതിരുന്നതെന്നും മൊഴിയിലുണ്ട്‌. റായിസും ലെനിനും ചേർന്ന് തുടങ്ങിയ ഇന്റീരിയർ ഡെക്കറേഷൻ കമ്പനിയുടെ ചുമതലക്കാരനായിരുന്നു അഖിൽ. പണം തിരിമറിനടത്തിയെന്ന സംശയത്തിലാണ് കമ്പനിയുടെ മുകളിലെ ഫ്ലാറ്റിൽ പൂട്ടിയിട്ട് ദേഹോപദ്രവം നടത്തിയത്. പിറ്റേന്ന് ഒന്നാംപ്രതി ശ്രീരൂപിന്റെ പിലാശ്ശേരിയിലെ തറവാട്ടിൽ കൊണ്ടുപോയി രണ്ടാഴ്ചയോളം ബെഞ്ചിൽ കെട്ടിയിട്ടു. ശ്രീരൂപും  റായിസും ലെനിനും സാദിഖും ചേർന്ന് ഇവിടെവച്ച്‌ നിരന്തരം മർദിച്ചു. ദാഹിച്ചപ്പോൾ കുപ്പിയിൽ സൂക്ഷിച്ച മൂത്രം നൽകി.

വെള്ളം നിറച്ച  വീപ്പയിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു. അവശനായി മരിക്കുമെന്നായപ്പോൾ പിലാശേരിയിൽ ഒരു ആയുർവേദ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരെ മർദനവിവരം അറിയിച്ചില്ല. ഇതിനിടെ തലയ്ക്കടിച്ച് കൊല്ലാനും റായിസ് ശ്രമിച്ചു. തുടർന്നും  പണം ലഭിക്കാതിരുന്നതോടെ കോട്ടയം മണിമലയിലെ ലെനിൻറെ സുഹൃത്ത് ​ഗ്ലാഡിസിൻറെ വീട്ടിലെത്തിച്ചും  മർദിച്ചു. അഖിലിൻറെ മൊഴിയിൽ കോഴിക്കോട് സംഘത്തിനെതിരെ പത്തനംതിട്ട പൊലീസ്‌  രണ്ട് കേസ്‌ രജിസ്റ്റർ ചെയ്തു. ഇത് അതത്‌ സ്റ്റേഷനിലേക്ക് കൈമാറി.

Advertisements