കൊയിലാണ്ടി കോൺഗ്രസ്സിൽ പൊട്ടിത്തറി: യു. രാജീവൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും, അനുസ്മരണവും ഉപേക്ഷിച്ചു

കൊയിലാണ്ടി കോൺഗ്രസിലെ ആഭ്യന്തര കലഹം: കൊയിലാണ്ടി ഡയറി വാർത്തയെ തുടർന്ന് യു. രാജീവൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് ഉദ്ഘാടനവും, സാംസ്ക്കാരികവേദിയുടെ അനുസ്മരണവും ജില്ലാ നേതൃത്വം ഇടപെട്ട് മാറ്റിവെപ്പിച്ചു. 22ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ട്രസ്റ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആഭ്യന്തര കലഹത്തെ തുടർന്ന് പരിപാടികൾ ഉപേക്ഷിച്ചത്. കൊയിലാണ്ടി ഡയറി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടതോടെയാണ് സംഭവം വലിയ വിവാദത്തിലേക്ക് തിരിഞ്ഞത്. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടിയിൽ പലരും പരസ്യമായി പ്രതികരിക്കുമെന്നും സംഘർഷത്തിലേക്ക് കടക്കുമെന്ന അവസ്ഥ തിരച്ചറിഞ്ഞുകൊണ്ടുമാണ് കോൺഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് ഇപ്പോൾ പരിപാടി മാറ്റിവെക്കാൻ തീരുമാനിച്ചത്.

രഹസ്യമായി ട്രസ്റ്റ് രൂപീകരിച്ചതുമായി മായി ബന്ധപ്പെട്ട് ഒരു വിഭാഗം കടുത്ത എതിർപ്പുമായി രംഗത്തുവരികയായിരുന്നു. 22ന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടിയും 25ന് രാജീവൻ മാസ്റ്ററുടെ വീട്ടിൽ പുഷ്പാർച്ചനയും നടത്താനാണ് പുതിയ തീരുമാനം. രാജീവൻ മാസ്റ്റർ ജീവിച്ചിരിക്കുന്ന സമയത്ത് ശത്രുപാളയത്തിൽ നിന്നിരുന്ന പലരും ഇപ്പോൾ ട്രസ്റ്റുമായി ഓടി നടക്കുകയാണ്. എന്നാൽ രാജീവൻ മാസ്റ്ററുമായി വർഷങ്ങളോളം അടുത്തിടപഴകിയവരും കൂടെ ഉണ്ടായിരുന്ന പലരെയും തഴഞ്ഞ് അതീവ രഹസ്യ യോഗം ചേർന്നാണ് ചിലർ വലിയ സാമ്പത്തിക നേട്ടം ലക്ഷ്യംവെച്ച് ഇതിനായി ഒരുമ്പെട്ടിരിക്കുന്നതെന്ന് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും പറയുന്നു.

വൻ സാമ്പത്തിക ക്രമക്കേട് നടത്തി വിവാദമുണ്ടാക്കിയ ചിലർ ചേർന്നാണ് ട്രസ്റ്റ് നിയന്ത്രിക്കുന്നതെന്ന കടുത്ത ആക്ഷേപവും ഇവർ നടത്തുന്നു. ഇത് സംബന്ധിച്ച് കെപിസിസിക്കും, ഡിസിസിക്കും നിരവധി പരാതികളാണ് പോയിട്ടുള്ളത്. രാജീവൻ മാസ്റ്ററുടെ കുടുംബം ഇത് സംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിട്ടും മുഖവിലക്കെടുത്തില്ലെന്നാണ് ഒരു പ്രാദേശിക നേതാവ് പ്രതികരിച്ചത്. ഡിസിഡിയുടെയും, ബ്ലോക്ക് നേതൃത്വത്തിൻ്റെയും അറിവോടെയാണ് രഹസ്യ യോഗം നടത്തിയതെന്ന ആക്ഷേപവും നിലനിൽക്കുകയാണ്.

പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന പരിപാടി അലങ്കോലമാകുന്ന സ്ഥിതിവന്നാൽ അത് മറ്റ് പല വിവാദത്തിലേക്ക് കടക്കുമെന്നും സംസ്ഥാന തലത്തിൽതന്നെ ചർച്ചക്ക് വഴിവെക്കുമെന്നും നേതൃത്വം ഭയക്കുന്നു. ഇതോടെ പരിപാടി മാറ്റിവെക്കുകയല്ലാതെ ജില്ലാ നേതൃത്വത്തിന് മറ്റു മാർഗങ്ങളില്ലാതാകുകയായിരുന്നു. ട്രസ്റ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് കൊയിലാണ്ടി ഡയറി വാർത്തയിലൂടെ പുറത്തുവന്നത്. ഇതോടെ ട്രസ്റ്റിൻ്റെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതോടെ കൊയിലാണ്ടി കോൺഗ്രസിലെ ആഭ്യന്തര കലഹം മറ്റ് തലത്തിലേക്ക് വ്യാപിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള കാല് വാരൽ വ്യാപകമാകുമെന്നും യു.ഡി.എഫ് സ്ഥാനാർത്ഥികളുകളുടെ വിജയ സാധ്യതയ്ക്ക് ഇത് മങ്ങലേൽക്കുമെന്നും അണികൾ ആശങ്കപ്പെടുന്നു. ഇത് എൽ.ഡി.എഫിന് തുടർഭരണത്തിലേക്കുള്ള യാത്ര എളുപ്പമാകുമെന്നാണ് പൊതു വിലയിരുത്തൽ.

