വാഹന പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി; പ്രതി കസ്റ്റഡിയിൽ

കാട്ടിക്കുളം: വാഹന പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് എക്സൈസ് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ചു. മാനന്തവാടി എക്സൈസ് സർക്കിൾ ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇ എസ് ജെയ്മോനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8.20ന് കാട്ടിക്കുളം രണ്ടാംഗേറ്റിലാണ് സംഭവം. മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ്റ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് കൈ കാണിച്ച് നിർത്താത്ത സ്കൂട്ടർ ജെയ്മോനെ ഇടിച്ചിട്ട് അമിത വേഗത്തിൽ ഓടിച്ചു പോയത്.

ബാവലി ഭാഗത്തുനിന്നു വന്ന വാഹനമാണ് അപകടമുണ്ടാക്കിയത്. ജെയ്മോനു പുറമേ പ്രിവൻ്റീവ് ഓഫീസർമാരായ കെ ജോണി, എ സി ചന്ദ്രൻ, ഡ്രൈവർ പി ഷിംജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ജെയ്മോൻ്റെ താടിയെല്ലിനു സാരമായ പരിക്കുണ്ട്. പല്ലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ജെയ്മോൻ. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

