KOYILANDY DIARY

The Perfect News Portal

മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ നടപടികളുമായി എക്‌സൈസ്‌

കോട്ടയം: മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ നടപടികളുമായി എക്‌സൈസ്‌. നാടിന്റെ ഭാവി തന്നെ അപകടത്തിലാക്കുന്ന നിലയിൽ കൗമാരങ്ങൾക്ക്‌ കെണിയൊരുക്കുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ്‌ എക്‌സൈസ്‌ നടത്തുന്നത്‌. 2023 ജനുവരി മുതൽ ജൂൺ 22 വരെയുള്ള കണക്ക്‌ പ്രകാരം 1024 കേസുകളാണ്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്തത്‌. ഇതിൽ 281 നാർക്കോട്ടിക്‌ കേസുകളും 743 അബ്‌കാരി കേസുകളും ഉൾപ്പെടുന്നു.
നാർക്കോട്ടിക്‌ കേസുകളിലായി 287 പേരാണ്‌ ഇതുവരെ അറസ്റ്റിലായത്‌. കൂടുതൽ നാർക്കോട്ടിക്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്തത്‌ ഏപ്രിലിലാണ്‌. ജനുവരി–36, ഫെബ്രുവരി- 38, മാർച്ച്‌- 52, ഏപ്രിൽ- 57, മെയ്‌- 49 എന്നിങ്ങനെയാണ്‌ കേസുകളുടെ കണക്ക്‌. 113.01 ഗ്രാം എംഡിഎംഎ, 7.78 കിലോ ഗ്രാം കഞ്ചാവ്‌ എന്നിവയും ഈ കാലയളവിനുള്ളിൽ പിടികൂടി.
Advertisements
വിദ്യാലയങ്ങളുടെ പരിസരത്തും പരിശോധന ശക്തമാക്കിയിട്ടുണ്ട്‌. സ്‌കൂൾ തുറക്കുന്നതിന്‌ മുമ്പ്‌ പരിസരത്തെ ഒഴിഞ്ഞ കെട്ടിടങ്ങളുടെയും കാട്‌ പിടിച്ച്‌ കിടക്കുന്ന പ്രദേശങ്ങളുടെയും കണക്കുകൾ എക്‌സൈസ്‌ ശേഖരിച്ചിരുന്നു. ഇവിടം കേന്ദ്രീകരിച്ച്‌ സ്ഥിരമായി പരിശോധന നടത്തുന്നുണ്ട്‌. പുകയില, കഞ്ചാവ്‌, മദ്യം, എംഡിഎംഎ തുടങ്ങിയവയെല്ലാം അടങ്ങുന്ന വിശാലമായ സാമ്രാജ്യമാണ്‌ ലഹരിയുടേത്‌. സ്‌കൂളും കോളേജുകളും കേന്ദ്രീകരിച്ച്‌ ലഹരി മാഫിയ സജീവമാകുമെന്നതിനാൽ രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കണം. കുട്ടികളുടെ പെരുമാറ്റത്തിലും രീതികളിലും അസ്വാഭാവികത തോന്നിയാൽ കൂടെ നിൽക്കുകയും കൗൺസലിങ് നൽകുകയും വേണം.