KOYILANDY DIARY

The Perfect News Portal

എറണാകുളം ഗവ. നഴ്സിങ്‌ സ്കൂൾ ശതാബ്ദി ആഘോഷം ‘ശതസ്മൃതി’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: എറണാകുളം ഗവ. നഴ്സിങ്‌ സ്കൂൾ ശതാബ്ദി ആഘോഷം ‘ശതസ്മൃതി’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മലയാളി നഴ്സുമാരുടെ വൈദഗ്ധ്യവും നൈപുണ്യവും കരുതലും ദയാപൂർവമായ പെരുമാറ്റവുമെല്ലാം ലോകപ്രശസ്‌തമാണെന്ന് മുഖ്യമന്ത്രി. ആശുപത്രി സംരംഭങ്ങളുമായി ബന്ധപ്പെട്ട് ലോകത്തിന്റെ ഏതുഭാഗത്തും ആദ്യം തേടുന്നത് മലയാളി നഴ്സുമാരെയാണ്. നഴ്‌സിങ്‌ പഠനരംഗത്തും റിക്രൂട്ടിങ്‌ രംഗത്തും ശ്രദ്ധേയ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചരിത്രത്തിലാദ്യമായി സർക്കാർ, സർക്കാർ അനുബന്ധ മേഖലകളിൽമാത്രം ഈ വർഷം 1020 ബിഎസ്‌സി നഴ്‌സിങ്‌ സീറ്റുകൾ പുതുതായി വർധിപ്പിച്ചു. ഇതോടെ സർക്കാർ, സർക്കാർനിയന്ത്രിത മേഖലകളിലെ മെറിറ്റ് സീറ്റുകളുടെ എണ്ണം 5627 ആയി. സീറ്റ് ഇനിയും വർധിപ്പിക്കും. പുറംനാടുകളിൽ ജോലി തേടി പോകുന്ന നഴ്സുമാർക്ക് അവിടത്തെ ഭാഷ പരിചയപ്പെടുത്താൻ കോഴ്സുകൾ സംഘടിപ്പിക്കും. ഇതിനായി വിവിധ രാജ്യങ്ങളുമായും ഏജൻസികളുമായും ചർച്ചകൾ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യമന്ത്രി വീണാ ജോർജ് സുവനീർ പ്രകാശിപ്പിച്ചു. മേയർ എം അനിൽകുമാർ സുവനീർ ഏറ്റുവാങ്ങി. കെ ജെ മാക്സി എംഎൽഎ, ആരോഗ്യവകുപ്പ്‌ ഡയറക്ടർ ഡോ. കെ ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ കെ സക്കീന, എറണാകുളം ജനറൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ആർ ഷാഹിർഷ, ബി ബീന, പി ഉഷാദേവി, കൗൺസിലർ പത്മജ എസ് മേനോൻ, ഡോ. സി രോഹിണി, പി സി ഗീത, വി കെ അഷ്റഫ് എന്നിവർ സംസാരിച്ചു.

Advertisements