KOYILANDY DIARY.COM

The Perfect News Portal

അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമല്ല. മുംബൈ ഹൈക്കോടതി

അപസ്മാരം ഭേദമാക്കാനാവാത്ത രോഗമോ മാനസിക വിഭ്രാന്തിയോ അല്ലാത്തതിനാൽ വിവാഹമോചനത്തിനുള്ള കാരണമായി ഇതിനെ കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യയ്ക്ക് അപസ്മാരമുണ്ടെന്നും അതുകൊണ്ടുതന്നെ അവരുടെ മനോനില തകരാറിലാണെന്നും കാണിച്ച് മുപ്പത്തിമൂന്നുകാരന്‍ നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി എസ്‌എ മെനെസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. പങ്കാളിക്ക് അപസ്മാരം ബാധിച്ചതിനാൽ മനോനില തകരാറിലാണെന്നും ഒന്നിച്ച് ജീവിക്കാൻ കഴിയില്ലെന്നും ഭർത്താവ് ഹർജിയിൽ ഉന്നയിക്കുന്നു. എന്നാൽ അപസ്മാരം ഒരു ഭേദമാക്കാനാവാത്ത രോഗമോ മാനസിക വൈകല്യമോ ആയി കണക്കാക്കാനാവില്ലെന്നും, എങ്കിൽ മാത്രമേ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹ മോചനം അനുവദിക്കാനാവൂവെന്നും ബെഞ്ച് ഉത്തരവിൽ പറയുന്നു.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 (1) (iii) പ്രകാരമാണ് യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. പങ്കാളികളില്‍ ഒരാള്‍ സുഖപ്പെടുത്താനാവാത്ത മാനസികാവസ്ഥയുള്ളവരോ, തുടർച്ചയായി അല്ലെങ്കിൽ ഇടയ്ക്കിടെ അത്തരം മാനസിക വിഭ്രാന്തികളോ അനുഭവിക്കുന്നുണ്ടെങ്കിൽ വിവാഹമോചനം അനുവദിക്കാമെന്നാണ് ഈ വകുപ്പ് നിര്‍ദേശിക്കുന്നത്.

Advertisements

തനിക്ക് അപസ്മാരമുണ്ടെന്നും എന്നാൽ അത് മാനസികാരോഗ്യത്തെ ബാധിച്ചില്ലെന്നും യുവതി വാദിച്ചു. അപസ്മാരം ബാധിച്ച വ്യക്തിക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നാണ് മെഡിക്കൽ സയൻസ് പറയുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Share news