KOYILANDY DIARY.COM

The Perfect News Portal

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. ടോട്ടനത്തെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയ മാഞ്ചസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ രണ്ട് പോയിന്റിന്റെ ലീഡ് നേടാന്‍ സിറ്റിക്കായി. 37 മത്സരങ്ങളില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിക്ക് 88 പോയിന്റുള്ളപ്പോള്‍ ആഴ്‌സണലിന് 86 പോയിന്റുകളാണുള്ളത്. ഇരു ടീമുകള്‍ക്കും ഓരോ മത്സരം മാത്രമാണ് അവശേഷിക്കുന്നത്.

നിര്‍ണായക മത്സരത്തില്‍ ടോട്ടനത്തെ ഇരട്ട ഗോളിന് തകര്‍ത്താണ് മാഞ്ചെസ്റ്റര്‍ സിറ്റി വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ഇതോടെ ആഴ്സണല്‍ രണ്ടാംസ്ഥാനത്തേക്ക് വീണു. എര്‍ലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്ററിന്റെ ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും എക്‌സ്ട്രാ ടൈമിലെ ആദ്യ മിനിറ്റിലെ പെനാല്‍റ്റിയിലുമായിരുന്നു ഹാളണ്ടിന്റെ ഗോളുകള്‍. ജെറിമി ഡോകുവിനെ ടോട്ടനം താരം പെട്രോ പൊറോ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഹാളണ്ട് ഗോളാക്കി മാറ്റുകയായിരുന്നു.

 

ഞായറാഴ്ച രാത്രി 8.30ന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അവസാന മത്സരം. അതേ സമയത്ത് തന്നെ ആഴ്സണല്‍ എവര്‍ട്ടണിനെയും നേരിടും. ജയിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തുടര്‍ച്ചയായ നാലാം കിരീടമാവും ഇത്. പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു ടീമും തുടര്‍ച്ചയായി നാലുതവണ കിരീടം നേടിയിട്ടില്ല.

Advertisements
Share news