KOYILANDY DIARY

The Perfect News Portal

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അടുത്ത മൂന്ന് ഘട്ടത്തിൽ ബിജെപി നേരിടുന്നത്‌ കടുത്ത വെല്ലുവിളി

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇനി മൂന്നു ഘട്ടംമാത്രം അവശേഷിക്കെ ബിജെപി നേരിടുന്നത്‌ കടുത്ത വെല്ലുവിളി. അടുത്ത മൂന്ന്‌ ഘട്ടത്തിലായി 163 സീറ്റിലേക്കാണ്‌ വോട്ടെടുപ്പ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ 163ൽ 118 സീറ്റും ബിജെപിക്കും സഖ്യകക്ഷികൾക്കും കിട്ടി. പ്രതിപക്ഷ പാർടികൾക്ക് ജയിക്കാനായത് 45 സീറ്റിൽമാത്രം. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനം ആവർത്തിക്കുക ബിജെപിക്ക് എളുപ്പമല്ല.

യുപിയിലെ 41 സീറ്റിലേക്കും ബിഹാറിലെ 21 സീറ്റിലേക്കും ബംഗാളിലെ 24 സീറ്റിലേക്കും വോട്ടെടുപ്പ് നടക്കാനുണ്ട്. മഹാരാഷ്ട്രയിലെ ശേഷിക്കുന്ന 13 സീറ്റിലേക്ക് 20നാണ് വോട്ടെടുപ്പ്. ഒഡിഷയിലെ ശേഷിക്കുന്ന 17 മണ്ഡലത്തിലേക്കും ജാർഖണ്ഡിലെ 10 മണ്ഡലത്തിലും ഏഴ് സീറ്റുള്ള ഡൽഹിയിലും 10 സീറ്റുള്ള ഹരിയാനയിലും 25നാണ് പോളിങ്. പഞ്ചാബിലെ 13 സീറ്റിലും ഹിമാചലിലെ നാല് സീറ്റിലും ചണ്ഡിഗഢിലും ജൂൺ ഒന്നിന് അവസാന ഘട്ടത്തിലാണ് വോട്ടെടുപ്പ്.
Advertisements
1 മഹാരാഷ്ട്രയിലെ ശേഷിക്കുന്ന 13 സീറ്റും എൻഡിഎ ആണ് ജയിച്ചത്. എന്നാൽ, കോൺഗ്രസും ശിവസേന ഉദ്ധവ് പക്ഷവും എൻസിപി ശരത് പവാർ പക്ഷവും ഉൾപ്പെടുന്ന ഇന്ത്യ കൂട്ടായ്‌മ മുംബൈയിലെയും സമീപപ്രദേശങ്ങളിലെയും മണ്ഡലങ്ങളിൽ എൻഡിഎയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഇന്ത്യ കൂട്ടായ്‌മ സ്ഥാനാർഥികൾക്ക് സിപിഐഎം പ്രഖ്യാപിച്ചിട്ടുള്ള പിന്തുണ പാൽഘർ അടക്കമുള്ള മണ്ഡലങ്ങളിൽ നിർണായകമാകും.
അവസാന ഘട്ടങ്ങളിൽ ബൂത്തിലേക്ക് നീങ്ങുന്ന ബിഹാറിലെ ശേഷിക്കുന്ന മണ്ഡലങ്ങളിലും ഡൽഹി, ഹരിയാന, ഹിമാചൽ സംസ്ഥാനങ്ങളിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സമ്പൂർണ വിജയമായിരുന്നു. എന്നാൽ, കെജ്‌രിവാളിൻ്റെ മോചനത്തോടെ ഹരിയാനയിലും ഡൽഹിയിലും ബിജെപി പ്രതിസന്ധിയിലാണ്.
ബിഹാറിലും ഇന്ത്യ കൂട്ടായ്‌മ കടുത്ത വെല്ലുവിളി ഉയർത്തുന്നു. യുപിയിലെ ശേഷിക്കുന്ന 41 മണ്ഡലത്തിൽ എസ്‌പിക്കും ബിഎസ്‌പിക്കും കോൺഗ്രസിനുമായി എട്ട് സീറ്റ് കിട്ടിയിരുന്നു. ബംഗാളിലെ ശേഷിക്കുന്ന 24 സീറ്റിൽ എട്ടിടത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചത്. ഇടതുപക്ഷം ശക്തി കൂട്ടുന്ന തെക്കൻ ബംഗാളിലെ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച മുന്നേറ്റം ബിജെപിക്ക് സാധ്യമാകില്ല. ബിജെഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഒഡിഷയിൽമാത്രം നില മെച്ചപ്പെടുത്താമെന്ന വിശ്വാസം ബിജെപിക്കുണ്ട്. ആരുമായും സഖ്യമിലാതെ മത്സരിക്കുന്ന പഞ്ചാബിൽ നിലവിലെ രണ്ട് സീറ്റ് നിലനിർത്താൻ ബിജെപി ബുദ്ധിമുട്ടും.