ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പാന്മാർ; 6 മാസം പ്രായമായ കുട്ടിയെ തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ആനയുടെ കാല്‍ ചുവട്ടിലേക്ക് വീണു
.
ആലപ്പുഴ ഹരിപ്പാട് കൈവിട്ട കളിയുമായി ആനപ്പാപ്പന്മാര്‍. ആറു മാസം പ്രായമായ കുഞ്ഞ് പാപ്പാന്റെ കൈയില്‍ നിന്ന് ആനയുടെ കാല്‍ചുവട്ടിലേക്ക് വീണു. രണ്ടുമാസം മുന്‍പ് പാപ്പാനെ കുത്തിക്കൊലപ്പെടുത്തി ആനയുടെ സമീപത്തേക്കാണ് ആറു മാസം പ്രായമായ കുഞ്ഞിനെ കൊണ്ടുപോയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. താത്കാലിക പാപ്പാന്റെ തന്നെ കുട്ടിയാണിത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

കുഞ്ഞിനെ ചോറൂണിന് വേണ്ടിയാണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്‌കന്ദന്‍ എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പിക്കൈക്ക് അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോകുന്നത് കാണാം. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് പാപ്പാന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല്‍ ചുവട്ടിലേക്ക് വീണത്.

കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഹരിപ്പാട് സ്‌കന്ദന്‍ എന്ന ഈ ആന അക്രമാസക്തനായത്. ആനയുടെ പുറത്തിരുന്ന രണ്ട് പേരെയും ഇത് വലിച്ച് താഴേക്ക് ഇടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയക്കാന്‍ ശ്രമിച്ചു. ഇയാളെയും ഇതേ രീതിയില്‍ ആന ആക്രമിച്ച് പരുക്കേല്‍പ്പിച്ചിരുന്നു.

വീഡിയോ പുറത്തുവന്നതോടെ താത്കാലിക പാപ്പാനെ മാറ്റി നിര്‍ത്തി. കുട്ടിയുമായി എത്തിയ പാപ്പാന്‍ അഭിലാഷിനെതിരെയാണ് നടപടി. അഭിലാഷിന്റെ കുഞ്ഞാണിത്. ആനക്കടിയിലൂടെ കുട്ടിയുമായി നടന്നത് പേടി മാറാനെന്ന് അഭിലാഷ് ക്ഷേത്രം ഭാരവാഹികളോട് പറഞ്ഞു.



