KOYILANDY DIARY

The Perfect News Portal

പിഷാരികാവിൽ സുരക്ഷാ മുൻകരുതലെടുക്കാതെ വൈദ്യുതി വിതരണം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ മുൻകരുതലെടുക്കാതെ വൈദ്യുതി വിതരണം ചെയ്യുന്നതിൽ നാട്ടുകാർ മന്ത്രിക്ക് പരാതി നൽകി. പതിനായിരക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന ക്ഷേത്ര പരിസരത്തും ദേശീയപാതയിലും വൈദ്യുതി ലൈൻ വലിച്ചതിൽ വൻ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. ഉത്സവത്തിനാവശ്യമായ വൈദ്യുതി വിതരണത്തിന് കൊയിലാണ്ടിയിലെ പ്രമുഖ സ്ഥാപനമാണ് കരാർ എടുത്തത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി, തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജ്യോതിഷ് കെപി, കോഴിക്കോട് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ദീപക് കെ.സി എന്നിവർക്ക് നാട്ടുകാരും പൊതുപ്രവർത്തകരും പരാതി നൽകിയിരിക്കുകയാണ്.

ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ലാതെ ജനറേറ്ററുകളിൽ നിന്നുള്ള വൈദ്യുതി ലൈനുകൾ ഇരുമ്പ് പൈപ്പുകളും, പച്ച മുളകളും ഉപയോഗിച്ചാണ് വലിച്ചിട്ടുള്ളത്. ഇത് വൻ ദുരന്തമാണ് ഉണ്ടാക്കുക. ഇരുമ്പ് പൈപ്പിൽ ലൈൻ വലിക്കുകയാണെങ്കിൽ പൂർണ്ണമായും ഇൻസുലേറ്റ് ചെയ്ത സുരക്ഷാ സംവിധാത്തോടുകൂടി മാത്രമേ ലൈൻ വലിക്കാൻ പാടുള്ളു എന്നാണ് നിയമം. അത് ഇവിടെ പൂർണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. കൂടാതെ വഴിയരികിലെ മരങ്ങളിലും മറ്റും ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ്  ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതും ഗുരുതര വീഴ്ചയാണ്. ക്ഷേത്ര പരിസരത്തും ദേശീയപാതയിലുമായി രണ്ടായിരത്തോളം ട്യൂബ് ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 200 ഹലോജൻ ബൾബുകളും, സ്റ്റേജിലേക്കാവശ്യമായ ലൈറ്റുകളും മറ്റ് വൈദ്യുത ഉപകരണങ്ങളും ഉൾപ്പെടെ ഒരുക്കിയെങ്കിലും എവിടെയും ഒരു സുരക്ഷയുമില്ലെന്നാണ് നാട്ടുകാർ പരാതിയിൽ പറയുന്നത്.

ട്യൂബ് ലൈറ്റുകളിൽ വൈദ്യുതി കണക്ഷൻ കൊടുത്തത് സേഫ്റ്റി പിൻ ഉപയോഗിച്ചാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് ഇരുമ്പ് പൈപ്പുകളിലൂടെ ഷോക്കേൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ചെറിയ തീപ്പൊരി പാറിയാൽ ജനങ്ങൾ ചിതറി ഓടുകയും അതൊരു വൻ ദുരന്തത്തിൽ കലാശിക്കുകയും ചെയ്യു. സ്റ്റാളുകളിൽ ഒരു തീപ്പൊരി പാറിയാൽ നിമിഷ നേരം മാത്രംമതി എല്ലാം കത്തി ചാമ്പലാകാൻ. അത്രയേറെ ജനക്കൂട്ടം ഒത്തുകൂടുന്ന സ്ഥലമാണ് പിഷാരികാവ്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പ്രധാന വൈദ്യുത വിതരണ കേന്ദ്രങ്ങളിലും സർക്കിളുകളിലും അപായ ബോർഡ് വെക്കാനും കരാറുകാർ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisements

കാളിയാട്ട മഹോത്സവവുമായി ബന്ധപ്പെട്ട് വൈദ്യൂതി വിതരണത്തിന് ബോർഡ് അധികൃതർ ഏറ്റവും കുറഞ്ഞ ക്വട്ടേഷൻ തുകയ്ക്കാണ് കരാർ കൊടുത്തിട്ടുള്ളത്. ഈ വൈദ്യൂതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉത്സവാഘോഷത്തിന് മാത്രം ഉപയോഗിക്കാനുള്ള വൈദ്യുതിയാണ്. ക്ഷേത്ര ഫണ്ടിൽ നിന്നാണ് ഇതിന് തുക ചിലവഴിക്കുന്നത്. എന്നാൽ എല്ലാ വൈദ്യുതി വിതരണ ചട്ടങ്ങളും മറികടന്ന് പെട്ടിപ്പീടിക മുതൽ മറ്റ് സ്വകാര്യ കച്ചവട സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ഈ വൈദ്യൂതിയാണ് ഷെയർ ചെയ്ത് കൊടുക്കുന്നത്. ഇത് ചട്ട വിരുദ്ധമാണ്. ഇത് തടയണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. മാർച്ച് 29ന് ആരംഭിച്ച കാളിയാട്ട മഹോത്സവം ഏപ്രിൽ 5ന് സമാപിക്കും.