KOYILANDY DIARY

The Perfect News Portal

ഇലക്‌ട്രൽ ബോണ്ട്‌: ഗുരുതര വൈകല്യങ്ങളെന്ന് സുപ്രീംകോടതി

ഇലക്‌ട്രൽ ബോണ്ട്‌ പദ്ധതിയിൽ ഗുരുതര വൈകല്യങ്ങളെന്ന് സുപ്രീംകോടതി. ഇത്‌ പരിഹരിച്ച്‌ പുതിയ സംവിധാനം രൂപീകരിച്ചുകൂടെയെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്‌ ചോദിച്ചു. പുതിയ സംവിധാനം രൂപീകരിക്കാൻ കോടതി ഇടപെടില്ല. സംഭാവനകൾ സ്വീകരിക്കാൻ കുറ്റമറ്റ സംവിധാനം ഉണ്ടാക്കേണ്ടത്‌ നിയമനിർമാണ സഭകളുടെയും ബന്ധപ്പെട്ടവരുടെയും ഉത്തരവാദിത്വമാണെന്നും കോടതി നിരീക്ഷിച്ചു.

ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർടികൾ സെപ്‌തംബർ 30 വരെ സ്വീകരിച്ച സംഭാവനകളുടെ മുഴുവൻ വിശദാംശങ്ങളും മുദ്രവച്ച കവറിൽ സമർപ്പിക്കാൻ തെരഞ്ഞെടുപ്പ്‌ കമീഷന്‌ നിർദേശം നൽകി. 2019ലെ കണക്ക്‌ മാത്രമേ തങ്ങളുടെ പക്കൽ ഉള്ളൂവെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ കോടതിയെ അറിയിച്ചു. എന്നാൽ, വിശദാംശം കൈമാറണമെന്ന ഇടക്കാല ഉത്തരവ്‌ നിലവിലുണ്ടെന്നും വിവരങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും കോടതി ഉത്തരവിട്ടു.

Advertisements

ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌തുള്ള ഹർജികളിൽ ഭരണഘടനാബെഞ്ച്‌ വാദംകേൾക്കൽ പൂർത്തിയാക്കി. ഹർജികൾ വിധി പറയാൻ മാറ്റി. പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്‌ത്‌ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്‌ റിഫോംസ്‌ (എഡിആർ), സിപിഐ എം, ഡോ. ജയാതാക്കൂർ തുടങ്ങിയവരാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌.

Advertisements

വാരിക്കൂട്ടി ബിജെപി ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്‌ട്രീയ പാർടികൾക്ക്‌ 2021–-2022 വരെ ലഭിച്ച 9188 കോടി രൂപയിൽ 57 ശതമാനവും കിട്ടിയത്‌ ബിജെപിക്ക്‌. കോൺഗ്രസിന്‌ ലഭിച്ചത്‌ 10 ശതമാനം. ബിജെപിക്ക്‌ 5272 കോടി രൂപയും കോൺഗ്രസിന്‌ 952 കോടിയുമാണ്‌ ലഭിച്ചതെന്ന്‌ അസോസിയേഷൻ ഓഫ്‌ ഡെമോക്രാറ്റിക്‌ റിഫോംസ്‌ പുറത്തുവിട്ട കണക്കിൽ പറയുന്നു.

 

സിപിഐ എം ഒഴികെയുള്ള മറ്റ്‌ ദേശീയ പാർടികൾക്കും 24 പ്രാദേശിക പാർടികൾക്കുംകൂടി ലഭിച്ചത്‌ 2964 കോടി രൂപ. രാഷ്‌ട്രീയ അഴിമതിയെ നിയമപരമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന്‌ സിപിഐ എം പ്രഖ്യാപിച്ചിട്ടുണ്ട്‌.

 

ധനനിയമം, ജനപ്രാതിനിധ്യ നിയമം, വിദേശ സംഭാവന സ്വീകരിക്കൽ നിയമം, ആർബിഐ നിയമം തുടങ്ങിയവ ഭേദഗതിചെയ്‌ത്‌ 2017– -2018ലാണ്‌ ഇലക്ടറൽ ബോണ്ട്‌ സംവിധാനം നടപ്പാക്കിയത്‌. 2016– -2017നുശേഷം രാജ്യത്തെ രാഷ്‌ട്രീയപാർടികൾക്ക്‌ സംഭാവനയായി ലഭിച്ചത്‌ മൊത്തം 16,437 കോടി രൂപയാണ്‌. ഇതിന്റെ 56 ശതമാനമാണ്‌ ഇലക്ടറൽ ബോണ്ടുകൾ വഴി 2017–- 2018 മുതൽ രാഷ്‌ട്രീയ പാർടികൾക്ക്‌ ലഭിച്ച 9188 കോടി രൂപ. ഇലക്ടറൽ ബോണ്ട്‌ സംഭാവനയിൽ നാലു വർഷത്തിൽ 743 ശതമാനം വർധന ഉണ്ടായി.