KOYILANDY DIARY

The Perfect News Portal

ഇലക്ടറൽ ബോണ്ട്: 
ബിജെപിയും കോൺഗ്രസും ഒളിച്ചു കളിക്കുന്നു ; ബിജെപി തട്ടിയത്‌ 8451 കോടി

ന്യൂഡൽഹി: ബിജെപി തട്ടിയത്‌ 8451 കോടി. ഇലക്ടറൽ ബോണ്ടുകളിലൂടെ കോടികൾ സംഭാവന ചെയ്‌ത കോർപറേറ്റ്‌ സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ കോൺഗ്രസും ബിജെപിയും പുറത്തുവിടാത്തത്‌ അഴിമതി ഇടപാടുകൾ ഒളിപ്പിക്കാൻ. കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും നിർമാണപദ്ധതികളുംമറ്റും നേടിയെടുക്കുന്നതിനാണ്‌ പല വൻകിട കോർപറേറ്റുകളും സഹസ്രകോടികളുടെ ഇലക്ടറൽ ബോണ്ടുകൾ ബിജെപിക്കും കോൺഗ്രസിനും മറ്റും സംഭാവന ചെയ്‌തതെന്ന്‌ ഇതിനോടകം തെളിഞ്ഞിട്ടുണ്ട്‌. ഏതെല്ലാം കോർപറേറ്റുകൾ കൃത്യമായി ഏതൊക്കെ രാഷ്ട്രീയപാർടികൾക്ക്‌ സംഭാവന ചെയ്‌തുവെന്ന വിവരമാണ്‌ ഇനി പുറത്തുവരാനുള്ളത്‌.

ബിജെപിയും കോൺഗ്രസും ഒളിച്ചുകളി തുടരുകയാണെങ്കിലും ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ നമ്പർ അടക്കം എല്ലാ വിവരങ്ങളും പുറത്തുവിടാൻ സുപ്രീംകോടതി എസ്‌ബിഐയോട്‌ ആവശ്യപ്പെട്ടു. വ്യാഴാഴ്‌ചയ്‌ക്കകം എസ്‌ബിഐ വിവരങ്ങൾ പുറത്തുവിടണം. തിരിച്ചറിയൽ നമ്പർ അടക്കം വെളിപ്പെടുന്നതോടെ ഇലക്ടറൽ ബോണ്ടുകളുടെ മറവിൽ നടന്ന കോർപറേറ്റ്‌ കൊള്ളയും കോടികളുടെ അഴിമതിയും പൂർണമായും മറനീക്കും.

Advertisements

ബോണ്ടുകളിലൂടെ ലഭിച്ച തുകയുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിക്കാൻ സുപ്രീംകോടതി രാഷ്ട്രീയ പാർടികൾക്ക്‌ നിർദേശം നൽകിയിരുന്നു. ഡിഎംകെ ഉൾപ്പെടെ ആറു പാർടികൾ മാത്രമാണ്‌ സംഭാവനചെയ്‌തവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയത്‌. എഎപി ഉൾപ്പെടെ നാലു പാർടികൾ ഭാഗികമായി വെളിപ്പെടുത്തി. ബിജെപിയും കോൺഗ്രസും തൃണമൂൽ കോൺഗ്രസുമടക്കം ഏറ്റവും കൂടുതൽ കോർപറേറ്റ്‌ പണം കൈപ്പറ്റിയ പാർടികൾ എത്ര കിട്ടിയെന്ന വിവരംമാത്രമാണ്‌ പുറത്തുവിട്ടത്‌. ഏതെല്ലാം കോർപറേറ്റുകളാണ്‌ ബോണ്ടുകൾ നൽകിയതെന്ന വിവരം പുറത്തുവിട്ടില്ല. എത്ര കിട്ടിയെന്നുമാത്രം അറിയിച്ചാൽ മതിയെന്നും ആരെല്ലാമാണ്‌ പണം നൽകിയതെന്ന വിവരം വെളിപ്പെടുത്തേണ്ടതില്ലെന്നുമാണ്‌ ബിജെപിയുടെയും കോൺഗ്രസിന്റെയും നിലപാട്‌.

Advertisements

ഇലക്ടറൽ ബോണ്ടുകളിലൂടെ വഴിവിട്ട മാർഗത്തിൽ പണം വന്നിട്ടുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടുതന്നെയാണ്‌ സംഭാവനക്കാരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ കൂട്ടാക്കാത്തത്‌. എന്നാൽ, തിരിച്ചറിയൽ നമ്പരടക്കം വിവരങ്ങൾ പുറത്തുവിടാൻ എസ്‌ബിഐ നിർബന്ധിതമായതോടെ ബിജെപിയുടെയും കോൺഗ്രസിന്റെയും ഒളിച്ചുകളികൂടിയാണ്‌ പൊളിയുന്നത്‌.