KOYILANDY DIARY.COM

The Perfect News Portal

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ്: ഷാരൂഖ് സെയ്ഫിയുടെ സുഹൃത്തുക്കളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. ദില്ലി, നോയിഡ, ഷാഹീൻബാഗ് എന്നിവിടങ്ങളിലെ സുഹൃത്തുക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

അതേസമയം, ഷൊർണൂരിൽ പ്രാദേശികമായും ട്രെയിനിനുള്ളിലും പ്രതിക്ക്‌ ‌ സഹായം ലഭിച്ചിട്ടുണ്ട്‌ എന്നാണ്‌ പൊലീസ്‌ നിഗമനം. ഇയാൾ ഷൊര്‍ണൂരില്‍ കഴിഞ്ഞത് പതിനഞ്ചര മണിക്കൂറാണ്. രണ്ടാം തീയതി പുലര്‍ച്ചെ 4.30ന് ഇയാൾ ഷൊര്‍ണൂരിലെത്തി. കണ്ണൂരിലേക്കുള്ള എക്സ്ക്യൂട്ടീവ് ട്രെയിനില്‍ കയറുന്നത്‌ രാത്രി 7.17ന്. ഇതിനിടെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്നതില്‍ അവ്യക്തത തുടരുകയാണ്.

കസ്റ്റഡിയില്‍ ലഭിച്ചിട്ട് ദിവസങ്ങളായിട്ടും പ്രതിയെ കൊണ്ട് തെളിവെടുപ്പ് വൈകുകയാണ്. ഇപ്പോള്‍ അന്വേഷണ സംഘം പ്രതിയുമായി ഷോര്‍ണൂരിലാണുള്ളത്. റെയില്‍വെ സ്‌റ്റേഷന് സമീപത്ത് താമസിക്കുന്ന ഉത്തരേന്ത്യക്കാരില്‍ നിന്ന് പ്രതിക്ക് സഹായം ലഭിച്ചോ എന്നുള്ള കാര്യമാണ് അന്വേഷിക്കുന്നത്.

Advertisements

പ്രതി ദില്ലിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിന്‍ ടിക്കറ്റെടുത്തതിൽ നിന്നും കോഴിക്കോട് വച്ച് തന്നെ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് വ്യക്തമാണ്. ഷൊര്‍ണൂരില്‍ ഇറങ്ങി പെട്രോള്‍ വാങ്ങിയതും മുന്‍കൂട്ടി ആസൂത്രണം ചെയ്തതിൻ്റെ ഭാഗമായാണെന്ന് കരുതുന്നു. സംസ്ഥാനത്തെ കുറിച്ച് കൃത്യമായി അറിയാവുന്ന ഒരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഷൊര്‍ണൂരിലെത്തി പെട്രോള്‍ വാങ്ങി കോഴിക്കോട് ആക്രമണം നടത്തിയതെന്നും പൊലീസ് കരുതുന്നു.

കൂടാതെ അന്വേഷണ സംഘത്തെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രതിയുടെ ഈ നീക്കമെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ട്. ഷോര്‍ണൂരില്‍ നിന്ന് ഒരു ഓട്ടോയിലാണ് പ്രതി ഷാരൂഖ് പെട്രോള്‍ വാങ്ങാന്‍ എത്തിയത്. ഷാരൂഖ് സഞ്ചരിച്ച ഓട്ടോയുടെ ഡ്രൈവര്‍ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം സുഹൃത്ത് വഴി പൊലീസിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ കാര്യമായി ഒന്നും ഷാരൂഖ് വെളിപ്പെടുത്തിയിട്ടില്ല. താന്‍ കേരളത്തില്‍ എത്തിയത് ഒറ്റയ്ക്കാണെന്ന് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്യുന്നത്. കണ്ടെത്തിയ തെളിവുകളുടെ ശാസ്ത്രീയ വിശകലനത്തോടെയാണ് ചോദ്യം ചെയ്യുന്നത്. അതേസമയം, ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിൻ്റെ വിശദാംശങ്ങള്‍ ഇപ്പോഴും സംശയത്തിൻ്റെ നിഴലിലാണ്. ഇയാള്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുമുണ്ട്. കൂടാതെ ഒട്ടേറെ കോളുകള്‍ ദില്ലിയിലേക്കും മുംബൈയിലേക്കും പോയിട്ടുണ്ട്. അവസാനം വിളിച്ച ഫോണ്‍ നമ്പര്‍ എല്ലാം സ്വിച്ച് ഓഫാണ്.

ഷാരൂഖ് സെയ്ഫിയുടെ സോഷ്യല്‍ മീഡിയ ചാറ്റുകളും ഫോണ്‍ കോളുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചന ലഭിച്ചത്. ഷാരൂഖിന് കേരളത്തിന് പുറത്തുള്ള സംഘത്തിൻ്റെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. പ്രതിയെ കേരളത്തില്‍ എത്തിച്ചതും ഇയാള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തതതും ഇവരാവാം എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

Share news