KOYILANDY DIARY

The Perfect News Portal

ഇ ജി ചിത്രയുടെയും പി കെ സുജയും കരവിരുതിൽ ജെൻഡർ പാർക്കിൽ ശിൽപ്പങ്ങൾ ഒരുങ്ങുന്നു

ഇ ജി ചിത്രയുടെയും പി കെ സുജയും കരവിരുതിൽ ജെൻഡർ പാർക്കിൽ ശിൽപ്പങ്ങൾ ഒരുങ്ങുന്നു.. “സ്‌ത്രീ, സ്വയം ആർജിച്ച ശക്തിയിൽ രൂപപ്പെടുന്നു. ശിലപോലെ ഉറച്ചുപോയ നിയമസംഹിതകളെയും വിലക്കുകളെയും തച്ചുടച്ച് അജയ്യയായി നിൽക്കുന്നു’ ഈ വരികൾക്ക്‌ ശിൽപ്പവ്യാഖ്യാനമൊരുക്കുകയാണ്‌ ഇ ജി ചിത്രയും പി കെ സുജയും. വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലെ വനിതാ പൈതൃക മ്യൂസിയത്തിലാണ് സ്ത്രീകൾ ശിൽപ്പങ്ങൾ ഒരുക്കുന്നത്. ചിത്രയുടെ ‘പരോപകാര ജീവിതം’ എന്ന ശിൽപ്പം വേറിട്ട ശിൽപ്പചിന്തയാണ്‌.
പുരുഷശരീര പ്രകൃതിയുള്ള മൂന്ന്‌ സ്ത്രീകളാണ് ഇതിലുള്ളത്‌.  12.5 അടി ഉയരമുള്ള ശിൽപ്പം പൂർണമായി സിമന്റിലാണ്. പി യു പെയിന്റും കാവിയും ചേർത്തുള്ള മിനുക്കുപണി മാത്രമാണ് ബാക്കി. എറണാകുളം സ്വദേശിയായ ചിത്ര തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽനിന്നാണ് ഫൈൻ ആർട്സ് ബിരുദം നേടിയത്.
Advertisements
സുജയുടെ “പുനർജനി’ ഫൈബർ സിമന്റിലാണ്. നങ്ങേലി, അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് തുടങ്ങിയ ചെറു ശിൽപ്പങ്ങളുടെ തുടർച്ചയാണ് പുനർജനി.  ഇരുപതടി  ഉയരമുള്ള ശിൽപ്പം മിനുക്കുപണിയിലാണ്. തിരുവനന്തപുരം ഫൈൻ ആർട്‌സ്‌ കോളേജിൽനിന്ന്‌ ബിരുദം നേടിയ സുജയുടെ നാടും തിരുവനന്തപുരമാണ്‌. ജെൻഡർ പാർക്കിന് വേണ്ടി സിഡിറ്റാണ് ശിൽപ്പങ്ങൾ ഒരുക്കുന്നത്.