ശബരിമല സ്വർണക്കൊള്ളയിൽ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ ഇ ഡി
.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. SIT രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് ഇ ഡി നീക്കം. മുരാരി ബാബുവിന് ഉടൻ സമൻസ് അയക്കും. മുരാരി ബാബുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങിയിരിക്കെയാണ് പുതിയ നീക്കം. ദ്വാരപാലക ശിൽപത്തിലെ സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയതിന്റെ നിർണായക രേഖകൾ റെയ്ഡിനിടെ ഇ ഡിയ്ക്ക് ലഭിച്ചിരുന്നു. മറ്റു പ്രതികളുടെ ചോദ്യം ചെയ്യലും ഉടനുണ്ടാകും.

കഴിഞ്ഞ ദിവസം മുരാരി ബാബുവിന്റെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. വരവിൽ കൂടുതൽ സ്വത്ത് ഇയാൾ സംബാധിച്ചിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇത് മരവിപ്പിക്കാനുള്ള നീക്കവും ഇ ഡി നടത്തുന്നുണ്ട്. അതേസമയം, ഉണ്ണികൃഷ്ണൻ പോറ്റിയുടെ എട്ടോളം സ്വത്തുവകകൾ ഇ ഡി കണ്ടുകെട്ടി. ഭൂമിയുടെ രേഖകൾ മരവിപ്പിച്ചു. ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വർണക്കട്ടികളാണ് പിടിച്ചത്.

ചില ഉദ്യോഗസ്ഥർക്ക് അസ്വാഭാവികമായ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. അതിനിട സ്വർണക്കൊള്ളക്കേസിൽ ആദ്യഘട്ട കുറ്റപത്രം ഫെബ്രുവരി 15 നകം സമർപ്പിക്കാനാണ് SIT നീക്കം. കുറ്റപത്രം നൽകാത്തതിനാൽ പ്രതികൾക്ക് ജാമ്യം ലഭിച്ചു തുടങ്ങിയതോടെയാണ് നടപടി വേഗത്തിലാക്കുന്നത്.




