രാം കെ നാം’ കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ
കോട്ടയം: രാം കെ നാം’ കെ ആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ. ഇന്നലെ അക്രമിച്ച് പ്രദർശനം തടയാൻ ശ്രമിച്ച ബിജെപി പ്രവർത്തകർക്ക് മറുപടിയായാണ് ഡിവൈഎഫ്‌ഐ വെല്ലുവിളിയുമായി രംഗത്തെത്തിയിട്ടുള്ളത്. അയോധ്യയിൽ ബാബരി മസ്‌ജിദ് തകർത്തതുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി പ്രദർശനത്തിനിടയിലാണ് ബിജെപി പ്രവർത്തകർ വിദ്യാർഥികളെ അക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുക്തമായി ചൊവ്വാഴ്‌ച രാത്രി കോളേജിന് പുറത്ത് പ്രദർശനം നടത്തും.

കോളേജ് യൂണിയന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ഡോക്യുമെന്ററി പ്രദർശിപ്പിക്കാനൊരുങ്ങിയത്. കോളേജ് ഗേറ്റിന് സമീപത്തായിരുന്നു പ്രദർശനം. പെൺകുട്ടികളടക്കം 40 ഓളം വിദ്യാർഥികളുണ്ടായിരുന്ന ഇവിടേക്ക് 25 ഓളം ബിജെപി പ്രവർത്തകർ ഇരമ്പിയെത്തി. ആയുധങ്ങളും വടികളും ഏന്തി എത്തിയ ഇവർ പ്രദർശനം തടഞ്ഞ് വിദ്യാർഥികളെ അക്രമിച്ചു. അസഭ്യവർഷവും വധഭീഷണിയും മുഴക്കി.


ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് കോളേജിന് മുൻവശത്തെ പോസ്റ്ററുകളും ബാനറുകളും തകർത്തു. ഒരു മണിക്കൂറോളം അഴിഞ്ഞാടി. വിവരമറിഞ്ഞ് പള്ളിക്കത്തോട് പൊലീസെത്തി ബിജെപി പ്രവർത്തകരെ മാറ്റി. തുടർന്ന് കോളേജ് കോമ്പൗണ്ടിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

