ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനുനേരെ വഗാഡ് ഉദ്യോഗസ്ഥൻ്റെ ക്രൂര മർദ്ദനം
ചേമഞ്ചേരി: ഡിവൈഎഫ്ഐ കാപ്പാട് മേഖലാ പ്രസിഡണ്ടിനുനേരെ വഗാഡ് ഉദ്യോഗസ്ഥൻ്റെ ക്രൂര മർദ്ദനം. പരിക്കേറ്റ ശിവപ്രസാദിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരുവങ്ങൂർ അണ്ടർ പാസിന്റെ മുകളിൽ വർക്ക് നടക്കുന്നതിനിടെ സംസാരിക്കാനെത്തിയ മേഖലാ പ്രസിഡണ്ട് ശിവപ്രസാദിനെ ഒരു കാരണവുമില്ലാതെ വഗാഡ് സൈറ്റ് എഞ്ചിനീയർ അക്രമിക്കുകയായിരുന്നു. ടിപ്പർ വാഹനത്തിൻ്റെ കണ്ണാടി പിഴുതെടുത്ത് ശിവപ്രസാദിനെ അക്രമിച്ചതായാണ് അറിയുന്നത്.

അണ്ടർപ്പാസിൻ്റെ ഇരുവശവും വലിയ വിള്ളൽ വീണതിനെ തുടർന്ന് ഇന്നലെ പ്രദേശത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തിയിരുന്നു. ജനങ്ങളുടെ ജീവന് ഭീഷണിയായ തകർന്ന ഭാഗം പൂർണ്ണമായും പൊളിച്ചു മാറ്റി പുതുക്കിപ്പണിയണം എന്നാണ് ഡിവൈഎഫ്ഐ ധർണ്ണയിൽ ആവശ്യപ്പെട്ടത്. ഇന്ന് ഇക്കാര്യം അവഗണിച്ച് വഗാഡ് കമ്പനി മറ്റു വർക്കുകൾ ആരംഭിച്ച സമയത്താണ് ശിവപ്രസിദിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി തടഞ്ഞത്. ജില്ലാ കലക്ടർ വന്നതിനുശേഷം പ്രവർത്തി ആരംഭിച്ചാൽ മതിയെന്ന് തൊഴിലാളുകളോട് പറയുകയായിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ തൊഴിലാളികൾ വർക്ക് നിർത്തിവെച്ച് സൈറ്റ് എഞ്ചനീയറെ വിവരം അറിയിച്ചു. ഉടൻ തന്നെ സൈറ്റ് എഞ്ചിനീയർ സ്ഥലത്തെത്തി സംസാരിക്കാൻ ഇട നൽകാതെ ശിവപ്രസാദിനെ അക്രമിക്കുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ശിവപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജനങ്ങളുടെ ജീവനും സ്വത്തിനും വില കൽപ്പിക്കാത്ത ഒരു പ്രവർത്തനവും നടത്താൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ എറിയിച്ചു. ഗാഡിൻ്റെ ഗുണ്ടായിസത്തിനെതിരെ ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.




