ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്തില്‍ 1,800 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 300 കിലോയോളം വരുന്ന മെത്തഫെറ്റമിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡ് ആണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയ്ക്ക് സമീപമുള്ള കടലിലാണ് രഹസ്യവിവരം അടിസ്ഥാനമാക്കിയുള്ള ഓപ്പറേഷന്‍ നടത്തിയത്. മയക്കുമരുന്ന് കൈമാറ്റം ചെയ്യാനുള്ള ശ്രമത്തെ കുറിച്ച് ഗുജറാത്ത് എ ടി എസ് വിവരങ്ങള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

വടക്കന്‍ മഹാരാഷ്ട്ര- ദക്ഷിണ ഗുജറാത്ത് സമുദ്ര മേഖലയില്‍ മള്‍ട്ടി- മിഷന്‍ റോളില്‍ വിന്യസിച്ചിരുന്ന ഐ സി ജി കപ്പല്‍, സംശയാസ്പദ ബോട്ട് തടയുന്നതിനായി വേഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഐ സി ജി കപ്പല്‍ ബോട്ടിന് സമീപം എത്തിയപ്പോൾ, ബോട്ടിലുള്ളവർ മയക്കുമരുന്ന് ചരക്ക് കടലിലേക്ക് വലിച്ചെറിയാന്‍ ശ്രമിക്കുകയും അതിർത്തിയിലേക്ക് ഓടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.


ഉപേക്ഷിക്കപ്പെട്ട കള്ളക്കടത്ത് ചരക്ക് വീണ്ടെടുക്കാന്‍ ഐ സി ജി കപ്പല്‍ ഉടനെ ബോട്ടിൽ ഒരു സംഘത്തെ അയക്കുകയും അതോടൊപ്പം രക്ഷപ്പെട്ട ബോട്ടിനെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

