പൊലീസുകാർക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; 3 പോലീസുകാർക്ക് പരിക്ക്

കോട്ടയം കടപ്ലാമറ്റം വയലായിൽ പൊലീസ്കാർക്ക് നേരെ ലഹരി സംഘത്തിൻ്റെ ആക്രമണം. ആക്രമണത്തിൽ 3 പോലീസുകാർക്ക് പരിക്കേറ്റു. മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സി പി ഒ മാരായ മഹേഷ്, ശരത്, ശ്യംകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ലഹരി സംഘത്തിലെ 6 പേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തു. വയലാ സ്വദേശികളായ കൈലാസ് കുമാർ, ദേവദത്തൻ, അർജുൻ ദേവരാജ്, ജെസിൻ ജോജോ, അതുൽ പ്രദീപ്, അമൽ ലാലു എന്നിവരാണ് പിടിയിലായത്. ഈ സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളം വെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.

പൊതു ശുചിമുറികളിൽ സിറിഞ്ചുകൾ കണ്ടെത്തി; മയക്കുമരുന്നിനെതിരായ നടപടികൾ ശക്തമാക്കിയതോടെ താവളം മാറ്റി ലോബികൾ

മയക്കുമരുന്നിനെതിരായ നടപടികൾ ശക്തമാക്കിയതോടെ പൊതുശുചി മുറികൾ താവളമാക്കി മയക്കുമരുന്ന് ലോബി. ആലുവ കെഎസ്ആർടിസി ബസ് സ്റ്റേഷനിലെ ശുചിമുറികളിൽ നിന്നും സിറിഞ്ചും മറ്റ് ഉപകരണങ്ങളും കണ്ടെത്തി. പണം നൽകി ടോയ്ലറ്റിൽ കയറി പലരും ഏറെ നേരം ചെലവഴിക്കാറുണ്ടെന്ന് ശുചിമുറി ജീവനക്കാരൻ പറഞ്ഞു. നഗരങ്ങളിലെ പൊതു ശുചിമുറികളെല്ലാം നിരീക്ഷിക്കാൻ അധികൃതർ നടപടി തുടങ്ങി.

പൊതുശുചിമുറിയിലെ ഫ്ലഷ് യൂണിറ്റ് അടഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ സിറിഞ്ചുകളും മറ്റും കണ്ടെത്തിയിരുന്നു. ടോയ്ലറ്റിന്റെ ഔട്ട്ലൈൻ പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ച പ്ലാസ്റ്റിക് സിറിഞ്ചും ചെറിയ ഡെപ്പികളും കണ്ടെത്തിയത്.

മയക്കുമരുന്ന് ഉപയോഗത്തിനായി ശുചിമുറികൾ മറയാക്കിയിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ് പണം നൽകി ഉപയോഗിക്കാവുന്ന പൊതു ശുചി മുറികളാണ് ഇത്തരത്തിൽ മയക്ക് മരുന്ന് മാഫിയ ദുരുപയോഗം ചെയ്തത്. പണം നൽകി ടോയ്ലറ്റിൽ കയറി പലരും ഏറെ നേരം ചെലവഴിക്കാറുണ്ടെന്ന് ശുചിമുറി ജീവനക്കാരനും യാത്രക്കാരും പറഞ്ഞു. പോലീസും എക്സൈസും മയക്കുമരുന്ന് വേട്ട ശക്തമാക്കിയതിനെ തുടർന്നാണ് ബസ് സ്റ്റാൻറിലെ ശുചി മുറികൾ മയക്കുമരുന്ന് ലോബി താവളമാക്കിയത്. പുതിയ സാഹചര്യത്തിൽ പൊതു ശുചിമുറികളും നിരീക്ഷിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
