KOYILANDY DIARY.COM

The Perfect News Portal

ഇനി തോന്നുംപോലെ ഡ്രൈവിങ് നടക്കില്ല; ആറ് വരി പാതയിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ

സംസ്ഥാനത്ത് പലയിടത്തും ദേശീയപാത 66-ന്റെ റീച്ചുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി തുറന്നത്. ആറ് വരിയിൽ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പുലർത്തണം. അല്ലെങ്കിൽ വലിയ അപകടമുണ്ടാകും. നേരിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവെച്ചേക്കാം.

ലൈന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് വേണം ആറ് വരിപ്പാതയില്‍ വാഹനമോടിക്കാന്‍. വിദേശത്തെ ഡ്രൈവിങ് അച്ചടക്കം ഇനി മുതൽ നമ്മുടെ നാട്ടിലും വേണ്ടിവരുമെന്ന് സാരം. ഒരു ദിശയിൽ മൂന്ന് വരി വീതമാണ് ഉണ്ടാകുക. ഇവ പ്രത്യേകം ലൈന്‍ വരച്ച് വേര്‍തിരിച്ചിട്ടുണ്ടാവും. ഏത് ദിശയിലേക്കാണോ പോകുന്നത് അതിന്റെ ഏറ്റവും ഇടത് ഭാഗത്തെ ലൈന്‍ ഭാരവാഹനങ്ങള്‍ക്കും വേഗത കുറഞ്ഞ് ഓടിക്കുന്ന മറ്റ് വാഹനങ്ങള്‍ക്കുമാണ്. ചരക്ക് ലോറികള്‍, ഓട്ടോ റിക്ഷ, ഇരുചക്ര വാഹനങ്ങള്‍ എന്നിവയെല്ലാം ഈ ലൈനിലൂടെ വേണം സഞ്ചരിക്കാന്‍.

 

 

മധ്യഭാഗത്തെ ലൈന്‍ വേഗതയില്‍ പോകുന്ന വാഹനങ്ങള്‍ക്കുള്ളതാണ്. കാര്‍, ജീപ്പ്, മിനി ട്രക്ക്, മിനി വാന്‍ തുടങ്ങിയവ ഇതിലൂടെ പോകും. ഇടത് ലൈനിലുള്ള വാഹനത്തിന് മുന്നിലുള്ള വാഹനത്തെ മറികടക്കാനും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കാം. മറികടക്കാന്‍ അല്ലാതെ വേഗത കുറച്ച് പോകുന്ന വാഹനങ്ങള്‍ ഒരു കാരണവശാലും മധ്യഭാഗത്തെ ലൈന്‍ ഉപയോഗിക്കരുത്.

Advertisements

 

ഏറ്റവും വലതുവശത്തുള്ള മൂന്നാമത്തെ ലൈന്‍ അടിയന്തരമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള എമർജൻസി വാഹനങ്ങള്‍ക്കുള്ളതാണ്. രണ്ടാമത്തെ ലൈനിൽ പോകുന്ന വാഹനങ്ങളെ മറികടക്കാനും ഈ ലൈൻ ഉപയോഗിക്കാം. പിറകിലുള്ള വാഹനങ്ങള്‍ക്ക് കൃത്യമായി സൂചനകള്‍ നല്‍കിയും വാഹനത്തിലെ കണ്ണാടി നോക്കിയും ട്രാഫിക് നിയമങ്ങള്‍ പാലിച്ചും ആറ് വരി പാതയിലൂടെ വാഹനമോടിക്കാം.

Share news