KOYILANDY DIARY.COM

The Perfect News Portal

ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ പറഞ്ഞു. ഡോ. വി. പദ്മാവതി രചിച്ച ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുസ്തകം  പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രശസ്ത നർത്തകി ഡോ. കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഭാഷാ ഗവേഷകൻ ആയിരുന്ന ഡോ. കെ. ഉണ്ണിക്കിടാവിന്റെ പത്നിയാണ് ഡോ. വി. പദ്മാവതി. 97-)0 വയസ്സിലാണ് അവരുടെ പുതിയ കൃതി പ്രകാശിതമാകുന്നത്. കവി മേലൂർ വാസുദേവൻ ചടങ്ങിൽ മുഖ്യാതിഥിയായി. ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോർട്ടർ എ. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം. ആർ. രാഘവ വാര്യരെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദരിച്ചു.
മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഹരിലാൽ രാജഗോപാൽ പുസ്തകം പരിചയപ്പെടുത്തി. മുൻ എം. എൽ. എ. പി. വിശ്വൻ, പുകസ മേഖലാ പ്രസിഡണ്ട് കെ. ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃസമിതി പ്രസിഡണ്ട് കെ. വി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ആർ. പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ്, തൃശ്ശൂർ ആണ് പ്രസാധകർ. രൺദീപ് സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു. 
Share news