KOYILANDY DIARY

The Perfect News Portal

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ

കട്ടപ്പന: കട്ടപ്പനയിലെ ഇരട്ടക്കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട കട്ടപ്പന കക്കാട്ടുകടയിൽ വിജയന്റെ ഭാര്യ സുമയാണ് അറസ്റ്റിലായത്. വിജയനെ കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതിയാണ് സുമ. വിജയനെ കൊന്നശേഷം മറവുചെയ്യാൻ സുമ കൂട്ടുനിന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് സുമയെയും പൊലീസ് പ്രതി ചേർത്ത് അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി നിതീഷിനൊപ്പം വിജയന്റെ മൃതദേഹം മറവുചെയ്യാൻ സുമയും മകൻ വിഷ്ണുവും കൂട്ടുനിന്നെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. നിതീഷും വിഷ്ണുവും റിമാൻഡിലാണ്. അറസ്റ്റ് രേഖപ്പെടുത്തിയ സുമയെ കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു. മോഷണക്കേസിന്റെ തുടരന്വേഷണത്തിനിടെയാണ് കട്ടപ്പന കേന്ദ്രീകരിച്ച് ഇരട്ടക്കൊലപാതകം നടന്നതായി പൊലീസിന് വിവരം ലഭിച്ചത്. കട്ടപ്പനയിലെ വർക്ക് ഷോപ്പിൽ നിന്ന് ഇരുമ്പ് സാമഗ്രികൾ മോഷ്ടിക്കുന്നതിനിടെയാണ് നിധീഷും സുഹൃത്ത് വിഷ്ണു വിജയനും പിടിയിലായത്.

 

വിഷ്ണുവാണ് മോഷണക്കേസിലെ ഒന്നാംപ്രതി. കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി വിഷ്ണു വാടകയ്ക്ക് താമസിക്കുന്ന കക്കാട്ടുകടയിലെ വീട്ടിലെത്തിയിരുന്നു. വീടിനുള്ളിലെ സാഹചര്യങ്ങളും വീട്ടിലുണ്ടായിരുന്ന അമ്മയുടെയും സഹോദരിയുടെയും സംസാരത്തിലെ അസ്വഭാവികതയുമാണ് സംശയത്തിനിടയാക്കിയത്. ഇവരിൽ നിന്നാണ് കൊലപാതകങ്ങൾ സംബന്ധിച്ച നിർണായക വിവരം പൊലീസിന് ലഭിച്ചത്. വിഷ്ണുവിന്റെ അച്ഛനാണ് കൊല്ലപ്പെട്ട വിജയൻ. വിജയനെ കാണാതായിട്ട് മാസങ്ങളായിരുന്നു. പുറംലോകവുമായി ബന്ധപ്പെടാത്തവിധമാണ് അമ്മയേയും സഹോദരിയേയും വിഷ്ണു പാർപ്പിച്ചിരുന്നത്. 

Advertisements

 

വിഷ്ണുവിന്റെ സഹോദരിയുടെയും നിതീഷിന്റെയും നവജാത ശിശുവിനെയാണ് 2016ൽ കൊലപ്പെടുത്തിയത്. ഇവർ വിവാഹിതരായിരുന്നില്ല. അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് മൊഴി. കുഞ്ഞിനെ കൊലപ്പെടുത്തുന്നതിൽ വിജയനും പങ്കുണ്ടായിരുന്നു. കു‍ഞ്ഞിനെ കൊന്ന ശേഷം മൃതദേഹം മുമ്പ് ഇവർ താമസിച്ചിരുന്ന കട്ടപ്പന സാഗര ജങ്ഷനുസമീപമുള്ള വീട്ടിലെ തൊഴുത്തിൽ കുഴിച്ചിട്ടുവെന്നായിരുന്നു നിതീഷിന്റെ മൊഴി. വീട്ടിൽ രണ്ടുദിവസം പൊലീസ് പരിശോധന നടത്തിയിട്ടും കുഞ്ഞിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താനായിരുന്നില്ല. വിജയന്റെ മൃതദേഹാവശിഷ്ടങ്ങൾ കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടിനുള്ളിൽനിന്ന് കണ്ടെടുത്തിരുന്നു.