താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു

കോഴിക്കോട് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ആക്രമിച്ചത്. പ്രതിയെ പൊലീസ് പിടികൂടി. ഡോക്ടർ വിപിനാണ് വെട്ടേറ്റത്. ഡോക്ടറുടെ തലയ്ക്കാണ് വേട്ടേറ്റിരിക്കുന്നത്.

ഡോക്ടറുടെ സമീപത്തെത്തി തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് ശബ്ദം കേട്ടെത്തിയ ജീവനക്കാരും ആശുപത്രിയിലുണ്ടായിരുന്നവരും ചേർന്ന് പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആയുധവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. താലൂക്ക് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് കുട്ടി മരിക്കാനിടയായതെന്നാണ് പ്രതി പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ഒൻപത് വയസുകാരി അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടർന്ന് മരിക്കുന്നത്. ആദ്യം താലൂക്ക് ആശുപത്രിയിലായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. പിന്നീട് ആരോഗ്യം വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി മരിച്ചത്.

