കണ്ണട ഉപയോഗിക്കാറുണ്ടോ?; ലൈസന്‍സിനുള്ള അപേക്ഷയില്‍ കണ്ണടവെച്ച ഫോട്ടോതന്നെ വേണം, നിബന്ധനയുമായി എംവിഡി

ഒറ്റപ്പാലം: ലൈസന്‍സിന് അപേക്ഷിക്കുന്ന കണ്ണടധാരികള്‍ക്ക് പുതിയ നിബന്ധനയുമായി മോട്ടോര്‍വാഹന വകുപ്പ്. കണ്ണട ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള അപേക്ഷയില്‍ കണ്ണടവെച്ച ഫോട്ടോതന്നെ വേണമെന്നതാണ് പുതിയ നിബന്ധന. സ്ഥിരമായല്ലാതെ കണ്ണട ഉപയോഗിക്കുന്നവരുടെ അപേക്ഷയിലും കണ്ണടയുള്ള ഫോട്ടോ വേണമെന്നാണ് പറയുന്നത്.

ഡ്രൈവിങ് സ്‌കൂളുകള്‍ക്കാണ് കണ്ണടയുള്ള ഫോട്ടോ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷയ്‌ക്കൊപ്പം നല്‍കുന്ന പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തന്നെയാണ് ലൈസന്‍സിലും ഉപയോഗിക്കുന്നത്.

കാഴ്ചയ്ക്ക് പ്രശ്‌നമുള്ളവരാണെങ്കില്‍ തിരിച്ചറിയല്‍ ഐഡിയില്‍ കണ്ണട വെച്ചുള്ള ഫോട്ടോ വേണമെന്നാണ് നിയമം പറയുന്നത്. അതിനാലാണ് പുതിയ നിര്‍ദേശം. കാഴ്ചപരിശോധന നടത്തിയ ഡോക്ടറുടെ സാക്ഷ്യപത്രമുള്‍പ്പെടെ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുകയും വേണം. ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡ്രൈവിങ് സ്‌കൂള്‍ അധികൃതര്‍ അപേക്ഷകർക്ക് നല്‍കിത്തുടങ്ങി.

