KOYILANDY DIARY

The Perfect News Portal

ജില്ലാ സ്കൂൾ കലോത്സവം വടകരയിൽ

വടകര: ജില്ലാ സ്കൂൾ കലോത്സവം വടകരയിൽ. കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിന്ന്‌
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് സ്കൂൾ കലോത്സവ വേദികൾ ഉണരുന്നത്. നവംബർ 28 മുതൽ നാലു ദിവസങ്ങളിലായി 18 വേദികളിൽ വിദ്യാർഥികളുടെ സർഗവാസനകൾ മാറ്റുരയ്‌ക്കും.
വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂൾ, ബിഇഎം ഹയർ സെക്കൻഡറി സ്കൂൾ, എംയുഎം വിഎച്ച്എസ്, ടൗൺ ഹാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് വേദികളൊരുക്കുന്നത്. പ്രധാന വേദി ടൗൺ ഹാൾ തന്നെയായിരിക്കും. കലോത്സവത്തിന്റെ മൊത്തം നിയന്ത്രണങ്ങൾ സെന്റ്‌ ആന്റണീസ് സ്കൂൾ കേന്ദ്രീകരിച്ചും നടക്കും.
പൊതുവിഭാഗം, സംസ്കൃതോത്സവം, അറബിക്, ഉറുദു കലോത്സവങ്ങളിലായി 300ലേറെ ഇനങ്ങളിലാണ്‌ മത്സരം. പതിനായിരത്തിൽപരം വിദ്യാർഥികൾ ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി പങ്കെടുക്കും. നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇത്തവണ ദേശീയപാതക്ക് പടിഞ്ഞാറ് വശത്തെ വിദ്യാലയങ്ങളിലാണ് കലോത്സവം ക്രമീകരിച്ചിരിക്കുന്നത്.
ഭക്ഷണ സൗകര്യം മുനിസിപ്പൽ പാർക്കിന് സമീപത്തെ ശ്രീനാരായണ എൽപി സ്കൂളിൽ ഒരുക്കും. മത്സരാർഥികളെ വേദികളിലേക്ക്‌ എത്തിക്കാൻ സ്കൂൾ ബസ്സുകൾ ഏർപ്പാടാക്കും. ലിങ്ക് റോഡ് പരിസരം, താഴെ അങ്ങാടിയിലെ മൈതാനം എന്നിവിടങ്ങളിൽ വാഹന പാർക്കിങ്ങിനുള്ള സൗകര്യം ഒരുക്കാനാണ് ആലോചന. ആവശ്യമെങ്കിൽ താമസ സൗകര്യം സ്കൂളുകളിലും ഒരുക്കും.