KOYILANDY DIARY.COM

The Perfect News Portal

മയക്കുമരുന്നിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ

സമൂഹത്തിൽ ഏറ്റവും ഉപദ്രവകരമായി മാറിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖർ. ചുമതലയേറ്റ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വർധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗങ്ങൾക്കെതിരെ നടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ആന്റി ഡ്രഗ് സ്ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതോടൊപ്പം സൈബർ സുരക്ഷ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് തിരിച്ചു വരാനായതിൽ സന്തോഷമുണ്ടെന്നും സഹപ്രവർത്തകരുടേയും ജനങ്ങളുടെയും പിന്തുണയോടെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു. ഇന്ന് രാവിലെയാണ് സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്.

 

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വഹിക്കുന്ന പദവിയായ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസർ സ്ഥാനത്ത് നിന്നും അടിയന്തരമായി റിലീവ് ചെയ്താണ് കേരളത്തിൽ ഇന്ന് പുലർച്ചെ എത്തിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട് .

Advertisements
Share news