വികസനം കേരളത്തിന്റെ പൊതു ആവശ്യം; ഇ പി ജയരാജൻ
കൊല്ലം: വികസനം കേരളത്തിന്റെ പൊതു ആവശ്യമാണെന്ന മനോഭാവം എല്ലാവരിലും വേണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞു. പ്രളയകാലത്തും കോവിഡിലും ഒരുമിച്ചുനിന്ന മാതൃക കേരളത്തോടുള്ള കേന്ദ്രഅവഗണനയിലും പ്രതിഫലിക്കണം. ജൂൺ എട്ടുമുതൽ 10 വരെ കൊല്ലത്ത് നടക്കുന്ന കെജിഒഎ സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളി പൊളിച്ച് അമ്പലം പണിയുന്നതല്ല വികസനം. പള്ളിയും അമ്പലവും ഒരുപോലെ നിലനിർത്താൻ കഴിയുന്നിടത്താണ് വികസനവഴി തുറക്കുന്നത്. അതിനു മാതൃക കേരളമാണ്. മതവും ജാതിയും പറഞ്ഞ് മനുഷ്യരെ വിഭജിക്കുന്നവർ നാടിന്റെ പുരോഗതിക്ക് തടസ്സം നിൽക്കുകയാണ്. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് കരുത്ത്. ഇതിനെ ദുർബലപ്പെടുത്താൻ സാമ്പത്തിക ഉപരോധം നടപ്പാക്കുകയാണ് കേന്ദ്രസർക്കാരെന്നും ഇ പി പറഞ്ഞു.

എം നൗഷാദ് എംഎൽഎ ചെയർമാനും കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ ബിന്ദു ജനറൽ കൺവീനറുമായി 501 ജനറൽ കമ്മിറ്റിയും 14 ഉപകമ്മിറ്റികളും രൂപീകരിച്ചു. യോഗത്തിൽ കെജിഒഎ സംസ്ഥാന പ്രസിഡണ്ട് എം എ നാസർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ് സുദേവൻ, കെഎസ്എഫ്ഇ ചെയർ മാൻ കെ വരദരാജൻ, ഡിവൈഎഫ്ഐ കേന്ദ്രകമ്മറ്റി അംഗം ചിന്താ ജെറോം, ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പി കെ ഗോപൻ, മേയർ പ്രസന്ന ഏണസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു. കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ആർ മോഹനചന്ദ്രൻ സ്വാഗതവും ജില്ലാ സെക്രട്ടറി എസ് ദിലീപ് നന്ദിയും പറഞ്ഞു.

