KOYILANDY DIARY

The Perfect News Portal

ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ തീവ്രശ്രമം; വനംവകുപ്പ് പടക്കം പൊട്ടിച്ചു

കണ്ണൂര്‍ ഇരിട്ടി ഉളിക്കലിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ തീവ്രശ്രമം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പടക്കം പൊട്ടിച്ചതോടെ ആന പുറവയല്‍ മാട്ടറ ഭാഗത്തേക്ക് നീങ്ങി. കാട്ടാന മേഖലയില്‍ തന്നെ തുടരുന്നതോടെ മുന്‍കരുതലിൻറെ ഭാഗമായി ഉളിക്കലില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. നേരത്തെ ആനയെ കണ്ട് ഭയന്നോടിയ ആറുപേര്‍ക്ക് പരുക്കേറ്റിരുന്നു.

Advertisements

വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. നേരത്തെ ഉളിക്കല്‍ ടൗണിലെ പള്ളിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിന്‍ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്.

 

എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ച ഭാഗത്തേക്കല്ല ആന നീങ്ങിയത്. എന്നിരിക്കിലും ടൗണില്‍ നിന്നും ആന മാറിയതോടെ ആശങ്ക നേരിയ രീതിയില്‍ ഇപ്പോള്‍ ഒഴിഞ്ഞിരിക്കുകയാണ്. എങ്കിലും ജനവാസ മേഖലയില്‍ തന്നെയാണ് ആന തുടരുന്നത്. കാട്ടാനയിറങ്ങിയതിനെതുടര്‍ന്ന് ഉളിക്കലിലെ കടകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വയത്തൂര്‍ വില്ലേജിലെ അംഗന്‍വാടികള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയും നല്‍കി. ഉളിക്കലിലെ 9 മുതല്‍ 14 വരെയുള്ള വാര്‍ഡുകളില്‍ തൊഴിലുറപ്പ് ജോലിയും നിര്‍ത്തിവച്ചു.

Advertisements