KOYILANDY DIARY

The Perfect News Portal

അപകീർത്തിക്കേസിൽ രാഹുൽ ​ഗാന്ധി തിങ്കളാഴ്‌‌ച അപ്പീൽ നൽകും

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന വിധിക്കെതിരെ കോൺഗ്രസ്‌ നേതാവ്‌ രാഹുൽഗാന്ധി തിങ്കളാഴ്‌‌ച സൂറത്ത്‌ സെഷൻസ്‌ കോടതിയിൽ അപ്പീൽ നൽകും. കുറ്റക്കാരനെന്ന്‌ കണ്ടെത്തി തന്നെ രണ്ടുവർഷത്തെ തടവിന്‌ ശിക്ഷിച്ച ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മാർച്ച്‌ 23ലെ ഉത്തരവ്‌ റദ്ദാക്കണമെന്ന ആവശ്യമാണ്‌ രാഹുൽ അപ്പീലിൽ ഉന്നയിച്ചിട്ടുള്ളത്‌.


അപ്പീലിൽ സെഷൻസ്‌ കോടതി അന്തിമ ഉത്തരവ്‌ പുറപ്പെടുവിക്കുന്നത്‌ വരെ മജിസ്‌ട്രേറ്റിന്റെ ഉത്തരവ്‌ അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്‌. രാഹുൽ തിങ്കളാഴ്‌ച സൂറത്ത്‌ കോടതിയിൽ എത്തുമെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ അറിയിച്ചു. പ്രധാനമന്ത്രിയെ വിമർശിക്കുന്നതിനിടെ രാഹുൽ, മോദി സമുദായ നാമമുള്ളവരെ മുഴുവൻ അവഹേളിച്ചെന്ന ബിജെപി എംഎൽഎ പൂർണേഷ്‌ മോദിയുടെ പരാതിയിൽ എടുത്ത കേസിലാണ്‌ സൂറത്ത്‌ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ അദ്ദേഹത്തെ ശിക്ഷിച്ചത്‌.

Advertisements

ഉത്തരവിന്‌ പിന്നാലെ രാഹുലിനെ എംപി സ്ഥാനത്ത്‌ നിന്നും അയോഗ്യനാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, കുറ്റക്കാരനാണെന്ന ഉത്തരവിന്‌  സെഷൻസ്‌ കോടതിയിൽ നിന്നും സ്‌റ്റേ ലഭിച്ചില്ലെങ്കിൽ രാഹുലിന്‌ അത്‌ കനത്ത തിരിച്ചടിയാകും. സ്‌റ്റേ അനുവദിക്കാതെ രാഹുലിന്റെ അപ്പീൽ പരിഗണിക്കാനാണ്‌ സെഷൻസ്‌ കോടതിയുടെ തീരുമാനമെങ്കിൽ രാഹുലിന്‌ ഗുജറാത്ത്‌ ഹൈക്കോടതിയെയോ സുപ്രീംകോടതിയെയോ സമീപിക്കേണ്ടി വരും.

മോദി നാമമുള്ളവരെ അപകീർത്തിപ്പെടുത്തിയെന്ന ബിജെപി എംപി സുശീൽമോദിയുടെ ഹർജിയിൽ രാഹുലിനോട്‌ നേരിട്ട്‌ ഹാജരാകാൻ പട്‌നാകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. അതേസമയം, ഭാരത്‌ ജോഡോ യാത്രക്കിടെ ആർഎസ്‌എസിനെ കൗരവപ്പടയോട്‌ ഉപമിച്ച രാഹുലിന്റെ പ്രസംഗത്തിന്‌ എതിരെ അപകീർത്തിക്കേസെടുക്കണമെന്ന്‌  ആർഎസ്‌എസ്‌ പ്രവർത്തകന്റെ പരാതിയിൽ ഹരിദ്വാർ കോടതിയിലും കേസ്‌ ഫയൽ ചെയ്‌തിട്ടുണ്ട്‌.

Advertisements