ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
.
സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം.

പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പൊലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പ്രതി ദുരുദ്ദേശമായി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ല. ജാമ്യം ലഭിച്ചാൽ പ്രതി ഇത്തരം കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെടും. മറ്റ് വ്ലോഗർമാർ ഇത്തരം പ്രവർത്തികൾ ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യ ഉണ്ടാകാൻ സാധ്യയെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ദൃശ്യങ്ങൾ പകർത്തിയ ഫോൺ ശാസ്ത്രീയ പരിശോധനകൾക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാഫലം വന്ന ശേഷമാകും തുടർനടപടികൾ പൊലീസ് സ്വീകരിക്കുക. പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.




