KOYILANDY DIARY.COM

The Perfect News Portal

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ വിധിച്ചു. കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയ്‌ക്കൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ഗ്രീഷ്മയ്ക്ക് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമ്മൽ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

2022 ഒക്ടോബര്‍ 14നാണ് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തില്‍ കാപ്പികോ എന്ന കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനെ തുടര്‍ന്നായിരുന്നു ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത്. കഷായം കുടിച്ചതിന് പിന്നാലെ 11 ദിവസം ഷാരോണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാരോണ്‍ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ചെകുത്താന്റെ മനസ്സുള്ള ഒരാള്‍ക്കേ ഇങ്ങനെ ചെയ്യാനാകൂ എന്നും, പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആത്മഹത്യയുടെ വക്കില്‍ എത്തിയപ്പോഴാണ് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലാത്ത ഗ്രീഷ്മ ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിര്‍ന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Advertisements

ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങള്‍ കാട്ടി ഷാരോണ്‍ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തിയതായും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പ്രായവും വിദ്യാഭ്യാസ യോഗ്യതയും ഭാവിയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത്തരം സ്വകാര്യ ദൃശ്യങ്ങള്‍ ഇരുവരുടെയും ഫോണില്‍ നിന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. 

അതേസമയം 24 വയസ്സ് മാത്രമാണ് തനിക്ക് പ്രായം എന്നും ഇളവ് നല്‍കണമെന്നും കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Share news