KOYILANDY DIARY.COM

The Perfect News Portal

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വയനാട് പൂക്കോട്ട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിടിയിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതിപ്പട്ടികയിലെ എല്ലാവരും ഇന്നലെ പിടിയിലായിരുന്നു. 18 പ്രതികളാണ് കേസിലുള്ളത്. ഇവരെ കാമ്പസിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് നീക്കം. സിദ്ധാര്‍ത്ഥനെ നാലിടത്ത് വെച്ച് പ്രതികള്‍ മര്‍ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

സഹപാഠിയോട് അപമര്യാദയായി പെരുമാറിതിന്റെ വൈരാഗ്യത്തിലായിരുന്നു മര്‍ദിച്ചതെന്നാണ് പ്രതികളുടെ മൊഴി. മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. സിദ്ധാര്‍ത്ഥന്‍ നേരിട്ട ക്രൂരമര്‍ദ്ദനങ്ങള്‍ വെളിവാക്കുന്ന ആന്റി റാഗിംഗ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാന്‍ എത്തുമ്പോഴാണ് മുഖ്യപ്രതിയായ സിന്‍ജോ ജോണ്‍സണ്‍ പിടിയിലായത്.

 

പ്രധാന പ്രതികളായ സൗദ് റിഷാല്‍, കാശിനാഥന്‍, അജയ് കുമാര്‍, സിന്‍ജോ ജോണ്‍സണ്‍ എന്നിവര്‍ക്കായി വയനാട് പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവര്‍ നാലുപേരും ആദ്യ പ്രതിപ്പട്ടികയില്‍ ഉള്ളവരാണ്. സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്ത് 13 ദിവസം പിന്നിടുമ്പോഴാണ് മുഴുവന്‍ പ്രതികളും പിടിയിലാകുന്നത്. അമല്‍ ഇഹ്‌സാന്‍, കോളജ് യൂണിയന്‍ പ്രസിഡണ്ട് കെ അരുണ്‍ ഉള്‍പ്പടെ 18 പ്രതികളാണ് പിടിയിലായത്.

Advertisements
Share news