KOYILANDY DIARY.COM

The Perfect News Portal

ബാലഭാസ്‌കറിൻറെ മരണം; സിബിഐയുടെ തുടരന്വേഷണം വൈകാതെ ആരംഭിക്കും

തിരുവനന്തപുരം: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐയുടെ തുടരന്വേഷണം വൈകാതെ ആരംഭിക്കും. ഹൈക്കോടതി ഉത്തരവിൽ സിബിഐ ആസ്ഥാനത്ത്‌ നിന്ന്‌ തീരുമാനം വന്നാലുടൻ തിരുവനന്തപുരം യൂണിറ്റ്‌ അന്വേഷണത്തിലേക്ക്‌ കടക്കും.

കാർ ഓടിച്ചത്‌ ബാലഭാസ്‌കറായിരുന്നോ ഡ്രൈവർ അർജുനായിരുന്നോ എന്നതിൽ തുടങ്ങി കുടുംബം ഉന്നയിക്കുന്ന ദുരൂഹതകളെല്ലാം നീക്കാനാണ്‌ ഹൈക്കോടതി മൂന്ന്‌ മാസം സമയം അനുവദിച്ചിരിക്കുന്നത്‌. ബാലഭാസ്‌കറിന്റെ സഹായികളായിരുന്ന പ്രകാശ്‌ തമ്പിയും വിഷ്‌ണുവും സ്വർണറാക്കറ്റുമായി ബന്ധം സ്ഥാപിച്ചത്‌ എന്നുമുതൽ, പണമിടപാട്‌ സംബന്ധിച്ച എന്തെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്‌.

ബാലഭാസ്‌കറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ആറ്‌ കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്‌ എന്തിന്‌, പ്രകാശ്‌തമ്പി പൊലീസ്‌ സ്റ്റേഷനിൽ നിന്ന്‌ വാങ്ങിയ ഫോൺ ഭാര്യ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നത്‌ എന്തുകൊണ്ട്‌, ഡ്രൈവർ അർജുന്റെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ ചോദ്യങ്ങൾക്ക്‌ സിബിഐ കൃത്യമായ ഉത്തരം കണ്ടെത്തേണ്ടി വരും. നേരത്തെ പരിഗണിച്ച വിഷയങ്ങളുടെ ഇഴകീറിയുള്ള പരിശോധനയും തുടരന്വേഷണത്തിന്റെ ഭാഗമാകും.

Advertisements

 

Share news