KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയത്തിൽ നൃത്തോത്സവം

പൂക്കാട് കലാലയത്തിൽ നൃത്തോത്സവം. പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് പരിപാടി, അഖിലകേരള നൃത്തോത്സവം ജനുവരി 13, 14 തീയതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ നടക്കുന്നു. നൃത്തോത്സവത്തിനോടനുബന്ധിച്ച് ജനുവരി 13ന് തെരഞ്ഞെടുത്ത നൃത്ത വിദ്യാർത്ഥികൾക്കുള്ള ഏകദിന നൃത്തപഠന ശിബിരം – ഭരതാർണവം – നടക്കും.
നൃത്തോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 13ന് വൈകിട്ട്  സുവർണജൂബിലി ചെയർമാൻ വി.ടി. മുരളിയുടെ അധ്യക്ഷതയിൽ കാലടി സംസ്കൃത സർവകലാശാല നൃത്ത വിഭാഗം മുൻ മേധാവി ഡോ. വേണുഗോപാലൻ നായർ നിർവഹിക്കും. രണ്ടു ദിവസങ്ങളിലായി വൈകീട്ട് ആറുമണി മുതൽ കേരളത്തിനകത്തും പുറത്തുമുള്ള 18 ഓളം അതിഥി നൃത്തസംഘങ്ങൾ നൃത്തപരിപാടികൾ അവതരിപ്പിക്കും.
Advertisements
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഡാൻസ് ഡ്രാമ, നൃത്തശില്പങ്ങൾ എന്നിവ അരങ്ങിലെത്തും. ഡോ. കലാമണ്ഡലം ബിജിന ആൻഡ് സുരേന്ദ്രനാഥ് ഹൈദരാബാദ്, നൃത്തകൗമുദി പ്രസാദ് ഭാസ്കര കണ്ണൂർ, കലാമണ്ഡലം സത്യവ്രതൻ, പ്രദീപ് ഗോപാൽ, ഭരതാഞ്ജലി മധുസൂദനൻ, ജിനിദ് ലു ദാദ് തൃശൂർ, ഡോ. നീതു ഉണ്ണി, ആതിര ഉണ്ണി കണ്ണൂർ, ദേവി കൃഷ്ണ തൃശ്ശൂർ, ഹരീഷ് ആൻഡ് വബിന കോഴിക്കോട്, കലാക്ഷേത്ര ഗായത്രി ഷാലുരാജ്, മായ സിത്താര നൃത്ത കലാലയം, പ്രമീള ഗിരീഷ് സോപാനം, അതുല്യാദേവി നന്മണ്ട, സുനീഷ് പാലത്ത്, ആർദ്ര പ്രേം, കലാമണ്ഡലം ദിയ ദാസ്, കഥകളി വിദ്യാലയം ചേലിയ, നൂപുരം നൃത്ത വിദ്യാലയം തുടങ്ങിയ സഹോദരനൃത്തസംഘങ്ങളും രണ്ട് ദിവസങ്ങളിലായി നൃത്തവേദിയെ സമ്പന്നമാക്കും.
ജനുവരി 14ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട എം.എൽ.എ  കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ച് ഒരു ആയുഷ്കാലം മുഴുവൻ നൃത്തരംഗത്തിനുവേണ്ടി സമർപ്പണം ചെയ്ത ജനാർദ്ദൻ വാടാനപ്പള്ളി, കലാമണ്ഡലം ഗീതാ മാധവൻ, പത്മിനി ഭരതശ്രീ, ചെറിയേരി നാരായണൻ നായർ, കലാമണ്ഡലം രേബ രാജൻ, കലാമണ്ഡലം സത്യവ്രതൻ, ഭരതാഞ്ജലി മധുസൂദനൻ, രാധാകൃഷ്ണൻ ഭരതശ്രീ, കലാമണ്ഡലം പ്രേംകുമാർ എന്നീ കലാകാരന്മാരെ ആദരിക്കും. സുനിൽ തിരുവങ്ങൂർ, യു കെ രാഘവൻ, ശിവദാസ് കാരോളി, കെ ശ്രീനിവാസൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു