KOYILANDY DIARY.COM

The Perfect News Portal

ഹജ്ജിന്റെ പേരിൽ കോടികൾ തട്ടി; യൂത്ത് ലീഗ് നേതാവ് ഒളിവിൽ

മലപ്പുറം: ഹജ്ജ്‌ തീർഥാടനത്തിനുകൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി യൂത്ത് ലീഗ് നേതാവ് കോടികൾ തട്ടിയതായി പരാതി. യൂത്ത് ലീഗ് തിരൂരങ്ങാടി മുനിസിപ്പൽ ട്രഷറർ ചെമ്മാട് ദാറുൽ ഈമാൻ ഹജ്ജ് ഗ്രൂപ്പ് ഉടമ പന്താരങ്ങാടി വലിയപീടിയേക്കൽ അഫ്സലിനെതിരെയാണ് പരാതി. അഞ്ചര ലക്ഷം മുതൽ ഏഴ് ലക്ഷം വരെയാണ്‌ ഒരാളിൽനിന്ന്‌ തട്ടിയത്. 120 പേരിൽ നിന്നായി എട്ട്‌ കോടി രൂപ തട്ടിയതായാണ്‌ വിവരം.

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ്‌ തട്ടിപ്പിനിരയായത്‌. വിവിധ സ്ഥലങ്ങളിലുള്ള മതപണ്ഡിതരെ അമീറുമാരാക്കി, ഇവർ മുഖേനയാണ് പണം വാങ്ങിയത്. ഹജ്ജിന് പോകുന്നതിന് മണിക്കൂറുകൾമുമ്പ് ശബ്ദസന്ദേശത്തിലൂടെ യാത്ര മുടങ്ങിയതായി അറിയിക്കുകയായിരുന്നു. പണം തിരികെ നൽകാമെന്ന് അഫ്സൽ വാഗ്ദാനം നൽകിയിരുന്നെങ്കിലും പാലിച്ചില്ല. ചിലർക്ക് ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി.

 

പലരുടെയും പാസ്‌പോർട്ടും ഇയാളുടെ കൈവശമാണ്. ചിലരുടേത്‌ അടുത്തിടെ മടക്കി നൽകി. വഞ്ചിക്കപ്പെട്ടവർ കഴിഞ്ഞ ദിവസം ചെമ്മാട് യോഗം ചേർന്ന്  കൂട്ടായ്മ രൂപീകരിക്കുകയും തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയും ചെയ്തു. നേരത്തെ ‘സഫറോൺ ‘ എന്നായിരുന്നു അഫ്സലിന്റെ ട്രാവൽസിന്റെ പേര്. പിന്നീട്  ‘ദാറുൽ ഈമാൻ’ എന്നാക്കി മാറ്റി. പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം തുടങ്ങി. അഫ്‌സൽ ഒളിവിലാണ്‌.

Advertisements

 

Share news