KOYILANDY DIARY

The Perfect News Portal

മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വിള്ളൽ: സിമൻ്റ് കലക്കി ഒഴിച്ച് അദാനി കമ്പനി തടിതപ്പി

കൊയിലാണ്ടി: മുത്താമ്പി റോഡിലെ അണ്ടർപ്പാസിലെ വിള്ളൽ: സിമൻ്റ് കലക്കി ഒഴിച്ച് അദാനി കമ്പനി തടിതപ്പി. നാട്ടുകാർ എത്തുമ്പോഴേക്കും 4 തൊഴിലാളികൾ ചാണകം മെഴുകുംപോലെ സിമൻ്റ് കലക്കി ഒഴിച്ച് വള്ളലുകളുള്ള സ്ഥലങ്ങൾ അടയ്ക്കുകയായിരുന്നു. അണ്ടർപ്പാസിലെ വിള്ളൽ ഉണ്ടായ സംഭവം ഇന്നലെ കൊയിലാണ്ടി ഡയറി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് ഇന്ന് രാവിലെ തന്നെ അദാനി ഗ്രൂപ്പിൻ്റെ ഉദ്യോഗസ്ഥനായ സത്നാംസിംഹ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയത്.

സംഭവത്തിൽ ഉടൻതന്നെ പരിഹാരം കാണുമെന്ന് അറിയിച്ചെങ്കിലും ജനങ്ങളുടെ കണ്ണിൽപൊടിയിടുന്ന സമീപനമാണ് അദാനി ഗ്രൂപ്പ് ചെയ്തത്. ഇത് നാട്ടുകാരിൽ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ പാലത്തിനടിയിൽ കയറിനിന്ന ആളുകളുടെ ദേഹത്ത് വെള്ളത്തുള്ളികൾ വീണപ്പോഴാണ് നാട്ടുകാർ പരിശോധന നടത്തിയത്. തുടർന്നാണ് പാലത്തിൻ്റെ പല ഭാഗത്തായി വിള്ളലുകൾ കാണാനിടയായത്. കൊയിലാണ്ടി ഡയറി വാർത്ത നൽകിയതോടെയാണ് വിഷയം അദാനി ഗ്രൂപ്പിൻ്റെയും ഭരണകൂടങ്ങളുടെയും ശ്രദ്ധയിൽ വരുന്നത്.

 

ഒന്നരഅടി ഘനത്തിൽ നിർമ്മിച്ച പ്രധാന സ്ലാബുകളിൽ വിള്ളൽ ഉണ്ടായത് എങ്ങനെയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. സിമൻ്റിൻ്റെ അളവ് കുറഞ്ഞോ എന്ന് പരിശോധിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. 30 മീറ്റർ നീളത്തിൽ 14.5 അടി ഉയരത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. ഹൈഡ്രോളിക് പ്രഷർ മെഷീൻ ഉൾപ്പെടെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവിടെ കോൺഗ്രീറ്റിംഗ് നടന്നിട്ടുള്ളത്. എന്നിട്ടും വിള്ളലുകൾ ഉണ്ടായത് അന്വേഷിക്കണം. ദേശീയപാത അതോറിറ്റി ഇതിന് ഉത്തരം പറയണമെന്നും പ്രതിഷേധക്കാർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.

Advertisements